രാജ്യത്ത് കാർഷിക ഭൂമി വർധിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ മൊത്തം കൃഷിസ്ഥലങ്ങളുടെ വിസ്തൃതി 2022ൽ 3.9 ശതമാനം വർധിച്ച് 2.76 ലക്ഷം ഏക്കറിലെത്തിയതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട കണക്ക്. 2021 അവസാനത്തിൽ 2.66 ലക്ഷം ഏക്കറായിരുന്നു കൃഷിസ്ഥലത്തിന്റെ ആകെ വിസ്തൃതി. ഇതാണ് 10,000 ഏക്കറിലേറെ ഒരുവർഷ കാലയളവിൽ വർധിച്ചതെന്ന് എൻ.സി.എസ്.ഐ പുറപ്പെടുവിച്ച പ്രാഥമിക സ്ഥിതിവിവരക്കണക്കുകളിൽ വ്യക്തമായിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം മൊത്തം കാർഷിക ഉൽപാദനം 35.01 ലക്ഷം ടണ്ണാണ്.
1.17 ലക്ഷം ഏക്കർ വിസ്തൃതിയുള്ള 18.21 ലക്ഷം ടൺ ഉൽപാദനമുള്ള കൃഷിഭൂമിയുടെ 42.5 ശതമാനവും കാലിത്തീറ്റ വിളകളാണുള്ളത്. പഴവർഗങ്ങളാണ് 29.4 ശതമാനം കാർഷിക നിലങ്ങളിലുള്ളത്. ഇത് മൊത്തം 81,129 ഏക്കർ വിസ്തീർണത്തിൽ 4,84,270 ടൺ ഉൽപാദനമാണ് രേഖപ്പെടുത്തിയത്. ഇതിനു പിറകിലായി പച്ചക്കറി ഉൽപാദനമാണുള്ളത്. 69,074 ഏക്കർ വിസ്തൃതിയിലുള്ള പച്ചക്കറികൾ 11.37 ലക്ഷം ടൺ ഉൽപാദിപ്പിക്കുന്നു. ധാന്യങ്ങൾ അടക്കമുള്ള വസ്തുക്കളുടെ ഉൽപാദനമാണ് പിന്നീടുള്ളത്. 8,408 ഏക്കറിൽ 57,711 ടൺ ഉൽപാദനമാണ് ഈ മേഖലയിലുണ്ടാകുന്നത്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് കൃഷി മന്ത്രാലയത്തിന് കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
പച്ചക്കറി വിളവെടുപ്പിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സഹായമാകുന്നതിനുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം രാജ്യത്താകമാനം അടുക്കളത്തോട്ടം പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. ചീര, തക്കാളി, വെള്ളരി, സ്ട്രോബറി, കുരുമുളക് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും വീട്ടുവളപ്പിൽ വളർത്താനും ഇതുവഴി കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാനുമാണ് പദ്ധതി. ഉയർന്ന നിലവാരമുള്ള പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന് കൂടുതൽ മണ്ണും ജലവും കൂടുതൽ ആവശ്യമില്ലാത്ത ഹൈഡ്രോപോണിക്സ് രീതിയും ഉപയോഗപ്പെടുത്താൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഉയർന്ന വിലയുള്ള കാലയളവിലേക്ക് വിളവെടുപ്പ് നീട്ടാനും സാധാരണ അനുയോജ്യമല്ലാത്ത കാലാവസ്ഥയിൽ വിളകൾ വളർത്താനും ഈ രീതി വഴി സാധിക്കും.
ഗ്രാമീണ വനിത കർഷകർ, തൊഴിലന്വേഷകർ, സാമൂഹിക സുരക്ഷ കുടുംബങ്ങൾ, കാർഷിക മേഖലയിലെ വനിത സംരംഭകർ എന്നിവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുക്കളത്തോട്ട സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ, കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വളർത്തുന്നതിനും തോട്ടങ്ങൾ പരിപാലിക്കുന്നതിൽ സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.