മൂന്നു പതിറ്റാണ്ടിലെ നല്ലോർമകൾ ഇനി കൂട്ട്; മത്രക്കാരുടെ അഹ് മദ്ക്കയും നാടണയുന്നു
text_fieldsമത്ര: സൂഖിലെ തലമുതിര്‍ന്ന വ്യാപാരിയും ആദ്യകാല പ്രവാസിയുമായ അഹ് മദ്ക്കയും ഒടുവില്‍ നാടണയുന്നു. 1990ല്‍ പ്രവാസം ആരംഭിച്ചതാണ്. ശിഷ്ടകാലം നാട്ടുവാസിയായി കഴിയണമെന്ന ആഗ്രഹത്താലാണ് സ്ഥാപനം മകളുടെ ഭര്‍ത്താവിനെ ഏല്പിച്ച് മത്രക്കാര്‍ക്കിടയില്‍ ‘കീസ് അഹ്മദ്ക’ എന്നറിയപ്പെടുന്ന അഹ്മദ് മടങ്ങുന്നത്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എടച്ചാക്കൈ സ്വദേശിയാണ്. സൂഖില്‍ ഗൃഹോപകരണങ്ങളുടെയും കാരി ബാഗുകളുടെയും കച്ചവട രംഗത്താണ് പ്രവർത്തിച്ചുവരുന്നത്.
നന്നേ ചെറുപ്പത്തിലേ മുംബൈയില്‍ പ്രവാസജീവിതം തുടങ്ങിയതാണ്. ജീവിത സായാഹ്നത്തില്‍ എത്തിയ സ്ഥിതിക്ക് ഇനിയുള്ള കാലം മാതൃരാജ്യത്ത് സ്ഥിരവാസിയായി കഴിച്ചുകൂട്ടുക എന്ന അഭിലാഷത്തോടെയാണ് പ്രവാസം നിര്‍ത്തുന്നത്.ഒരുമിച്ച് പ്രവാസ ജീവിതമാരംഭിച്ച സുഹൃത്തുക്കളില്‍ പലരും പ്രവാസം മതിയാക്കിയതോടെയാണ് ആ വഴിക്ക് ചിന്തിക്കാന്‍ പ്രേരകമായത്.
മത്രയിലെ മലയാളികളായ പ്രവാസികള്‍ക്കിടയിലുള്ള ജോലിയും സംഘടന പ്രവര്‍ത്തനവും രാഷ്ട്രീയ സംവാദവുമൊക്കെയായി സദാ കഴിഞ്ഞുകൂടിയതിനാല്‍ 33 വര്‍ഷം നീണ്ട ഒമാനിലെ പ്രവാസ ജീവിതത്തില്‍ ഒട്ടുമേ ഒറ്റപ്പെടലോ പ്രയാസമോ നേരിടേണ്ടിവന്നിട്ടില്ലെന്ന് അഹ് മദ് പറയുന്നു. കച്ചവട രംഗത്തായാലും ജോലി ചെയ്തും ജീവിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഇടമാണ് ഒമാന്‍. വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയും ഇടപഴകുന്ന സ്വദേശി സമൂഹത്തെപ്പറ്റി നന്ദിയോടെ മാത്രമേ സ്മരിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു.
കൈരളി മത്രയുടെ പ്രവര്‍ത്തകനായതിനാല്‍ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.തന്റെ സ്ഥാപനത്തിന് മുന്നിലുള്ള ശൈഖ് സാലം മസ്ജിദിന്റെ ദൈനംദിന കാര്യങ്ങളില്‍ മേല്‍നോട്ടവും പള്ളി പരിപാലനവും സ്വയം ഉത്തരവാദിത്തമായി കണ്ട് നടത്തിപ്പോരുകയും ചെയ്തിരുന്നു.
ഒഴിവു സമയങ്ങളില്‍ പള്ളിക്കു മുന്നിലുള്ള ചെറിയ സ്ഥലത്ത് സൗകര്യപ്പെടുമ്പോഴൊക്കെ കോവക്ക കൃഷി ചെയ്ത് വിളവെടുപ്പും നടത്തിപ്പോരാറുണ്ട്. വലുപ്പച്ചെറുപ്പമില്ലാതെ വലിയ സൗഹൃദ വലയമാണ് പ്രവാസ ജീവിതംകൊണ്ട് ലഭിച്ച വിലമതിക്കാനാകാത്ത സമ്പാദ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഒമാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ്. അതുകൊണ്ട് തന്നെ മടക്കയാത്ര ഒരു പൂര്‍ണ വിരാമമായി കാണുന്നില്ല. വരണമെന്ന് തോന്നുമ്പോള്‍ സന്ദര്‍ശക വിസയില്‍ ഇനിയും വരാമല്ലോ എന്നാണ് യാത്രയയപ്പ് ചടങ്ങില്‍ പറഞ്ഞത്. കൈരളി മത്ര ഘടകം ഊഷ്മള യാത്രാമംഗളം നേര്‍ന്നും മെമന്റോ നല്‍കിയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.