എയർ അറേബ്യയുടെ സൊഹാർ - ഷാർജ സർവിസുകൾക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യയുടെ സൊഹാറിൽനിന്ന് ഷാർജയിലേക്കുള്ള സർവിസുകൾക്ക് ഇന്ന് തുടക്കമാകും. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവിസുകൾ ഉണ്ടാവുക. ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സർവിസുകൾ നടത്തുക. രാവിലെ എട്ടിന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന വിമാനം 8.40ന് സൊഹാറിലെത്തും. തിരിച്ച് 9.20ന് പുറപ്പെടുന്ന വിമാനം പത്ത് മണിക്ക് ഷാർജയിൽ എത്തുകയും ചെയ്യും.
മസ്കത്തിനും സലാലക്കും പുറമെയാണ് എയർ അറേബ്യ സൊഹാറിലേക്കും സർവിസ് ആരംഭിക്കുന്നത്. ഷാർജയിൽ നിന്ന് െകാച്ചിയിലേക്കും തിരുവനന്തപുരത്തിനും കണക്ഷൻ സർവിസുകളും എയർ അറേബ്യ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മലയാളികൾക്ക് ഏറെ സൗകര്യപ്രദമാകും. ഷാർജയിൽനിന്ന് ഒരുമണിക്കാണ് കൊച്ചിയിലേക്കുള്ള കണക്ഷൻ സർവിസ്. തിരുവനന്തപുരത്തിനും തൊട്ടുപിന്നാലെ സർവിസ് ഉണ്ടാകും. ബുറൈമി മേഖലയിലുള്ളവർക്ക് ഏറെ ഉപകാരപ്രദമാകും എയർ അറേബ്യയുടെ സർവിസെന്ന് സൊഹാറിലെ മോഡേൺ വിഷൻ ട്രാവൽ ആൻഡ് ടൂറിസം ബ്രാഞ്ച് മാനേജർ റിയാസ് അഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നിലവിൽ ബുറൈമിയിൽ നിന്നുള്ളവർ മൂന്നര മണിക്കൂർ റോഡ് യാത്ര ചെയ്താണ് മസ്കത്തിൽ എത്തുന്നത്. ടിക്കറ്റുകൾക്ക് ഏറെ ആവശ്യക്കാർ ഉള്ളതായും റിയാസ് പറഞ്ഞു. ഉദ്ഘാടന ഒാഫറായി കേരളത്തിലേക്ക് 69 റിയാലിന് (വൺവേ) ടിക്കറ്റ് നൽകിയിരുന്നു. ഇൗ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുപോയത്. ഇതോടൊപ്പം കമ്പനികളിൽനിന്ന് വിസ കാൻസൽ ചെയ്ത് പോകുന്നവർക്കും പുതിയ സർവിസുകൾ ആശ്വാസമാകും. നിലവിൽ മസ്കത്ത് വരെ കാൻസൽ ചെയ്യാൻ വരുന്നതിന് കമ്പനി പി.ആർ.ഒമാർ നല്ല തുകയാണ് ഫീസായി ഇൗടാക്കുന്നത്. ഇൗ സാഹചര്യം സൊഹാറിൽനിന്നുള്ള യാത്രകൾക്ക് ഒഴിവാകും. ഖത്തർ എയർവേസും അടുത്ത മാസം എട്ടുമുതൽ സൊഹാറിൽ നിന്ന് സർവിസുകൾ ആരംഭിക്കുന്നുണ്ട്.
ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്നാൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും കണക്ഷൻ സർവിസുകൾ ലഭിക്കുമെന്നതും സൊഹാർ, ബുറൈമി മേഖലയിലുള്ളവർക്ക് പ്രയോജനപ്പെടും. ഖത്തർ എയർവേസും ഉദ്ഘാടന ഒാഫറായി ഏർപ്പെടുത്തിയ ആകർഷക ഒാഫറിലുള്ള വൺവേ ടിക്കറ്റും അതിവേഗം വിറ്റുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.