എയർ അറേബ്യ സുഹാർ-ഷാർജ സർവിസുകൾ പുനരാരംഭിക്കുന്നു
text_fieldsസുഹാർ: ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനുകളിൽ ഒന്നായ എയർ അറേബ്യ സുഹാറിലേക്ക് സർവിസുകൾ പുനരാരംഭിക്കുന്നു. എയർ അറേബ്യയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുകയാണെന്ന് ഒമാൻ എയർപോർട്ട് പ്രസ്താവനയിൽ പറഞ്ഞു. ആഴ്ചയിൽ 12 സർവിസുകളുണ്ടാകും എന്നാണ് ലഭ്യമാകുന്ന വിവരം. സർവിസുകൾ ഉടനെ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീടാണ് അറിയാൻ കഴിയുക എന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
സുഹാർ എയർപോർട്ടിൽ നിന്ന് മുമ്പ് സർവീസ് നടത്തിയിരുന്ന വിമാനങ്ങളായിരുന്നു എയർ അറേബ്യയും ഒമാന്റെ ബജറ്റ് വിമാനമായ സലാം എയറും. ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും കണക്ഷൻ വിമാന സർവിസുകൾ ഉള്ള എയർ അറേബ്യയുടെ യാത്ര വിമാനം ബാത്തിന മേഖലയിലെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. ഷാർജയിൽനിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ വിവിധ വിമാനത്തവളത്തിലേക്കും യാത്ര ചെയ്യാവുന്ന സൗകര്യം എയർ അറേബ്യ അനുവദിക്കുന്നത് കൊണ്ട് കൂടുതൽ പേർ ഈ സൗകര്യം ഉപയോഗിച്ചിരുന്നു. എയർ അറേബ്യ യുടെ സർവിസ് വീണ്ടും സജീവമായാൽ അത് വടക്കൻ ബാത്തിന മേഖലയുടെ യാത്ര പ്രയാസം കുറയും എന്നാണ് അഭിപ്രായപ്പെടുന്നത്. രണ്ടുമണിക്കൂർ ഷാർജ എയർപോർട്ടിൽ കാത്തു നിൽക്കണം എന്നത് വലിയ കടമ്പയായി യാത്രക്കാർ കണക്ക് കൂട്ടുന്നില്ല. ലഗേജ് കൊണ്ടുപോകുന്നതിലും ടിക്കറ്റ് നിരക്കിലും കിട്ടുന്ന ഇളവും ഈ മേഖലയിൽനിന്ന് മസ്കത്ത് എയർ പോർട്ടിൽ എത്താനുള്ള യാത്ര ദൂരവും കണക്കിലെടുക്കുമ്പോൾ ഷാർജയിലെ കാത്തിരിപ്പ് വലിയ പ്രയാസമാകുന്നില്ല എന്നാണ് പ്രവാസികൾ പറയുന്നത്.
സുഹാർ എയർപോർട്ട് ഉപയയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ 302 ശതമാനം വർധിച്ച് 1,422 ആയി. മുൻവർഷം ഇതേ കാലയളവിൽ 354 ആയിരുന്നു. ഇതേ കാലയളവിൽ സുഹാറിലെ വിമാനങ്ങളുടെ പോക്കുവരവുകൾ 2022ൽ 31 ആയിരുന്നത് 2023ൽ 147 ആയി ഉയർന്നു. 374 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ഒമാന്റെ വടക്ക് ഭാഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് സുഹാർ എയർപോർട്ട് മികച്ച ഒരു ഒാപ്ഷനാണ്.
സുഹാർ പോർട്ട് ഓഫ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഉൾപ്പെടെയുള്ള പ്രധാന വാണിജ്യ, വ്യാവസായിക, സാമ്പത്തിക കേന്ദ്രങ്ങളുടെ സമീപത്താണ് വിമാനത്താവളം എന്നുള്ളതും ഇതിന്റെ പ്രാധാന്യം വർധിക്കുന്നു.
ദിവസങ്ങൾക്കു മുമ്പ് സുഹാർ എയർപോർട്ടിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്സ് എയർ ബസ് എ 380 പറന്നിറങ്ങിയിരുന്നു. ഇതോടെ സുഹാറിൽ നിന്ന് യാത്ര ചെയ്യാൻ ആവും എന്ന പ്രതീക്ഷ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.