എയർ അറേബ്യ സുഹാർ-ഷാർജ സർവിസ് 29 മുതൽ
text_fieldsമസ്കത്ത്: ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാനമായ എയർ അറേബ്യ സുഹാർ-ഷാർജ സർവിസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്നു സർവിസുകളാണുണ്ടാകുക. ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20 ന് സുഹാറിൽ എത്തും. ഇവിടെനിന്നും രാവിലെ പത്തിനു പുറപ്പെട്ട് ഷാർജയിൽ 10.40ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ പ്രമോഷൻ പോസ്റ്ററിൽ പറയുന്നു. അതേസമയം, കമ്പനി വെബ്സൈറ്റിൽ ബുക്കിങ്ങിനുള്ള സൗകര്യം ലഭ്യമായിട്ടില്ല. ഇത് വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് അറിയാൻ കഴിയുന്നത്.
എയർ അറേബ്യയുടെ തിരിച്ചുവരവ് ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഷാർജയിൽനിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ വിവിധ വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാവുന്ന സൗകര്യം എയർ അറേബ്യ അനുവദിക്കുന്നത്കൊണ്ടു കൂടുതൽ പേർ ഈ സൗകര്യം ഉപയോഗിക്കും. രണ്ടുമണിക്കൂർ ഷാർജ എയർപോർട്ടിൽ കാത്തു നിൽക്കണം എന്നതൊഴിച്ചാൽ ലഗേജ് കൊണ്ടുപോകുന്നതിലും ടിക്കറ്റ് നിരക്കിലും കിട്ടുന്ന ഇളവും യാത്രക്കാരെ ആകർഷിക്കുന്നതാണ്. ബാത്തിന മേഖലയിൽനിന്ന് മസ്കത്ത് എയർ പോർട്ടിൽ എത്താനുള്ള യാത്ര ദൂരവും കണക്കിൽ എടുക്കുമ്പോൾ ഷാർജയിലെ കാത്തിരിപ്പ് വലിയ പ്രയാസമാകുന്നില്ല എന്നാണ് പ്രവാസികൾ പറയുന്നത്.
അതേസമയം, സുഹാർ എയർപോർട്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ 302 ശതമാനം വർധിച്ച് 1,422 ആയി. മുൻവർഷം ഇതേ കാലയളവിൽ 354 ആയിരുന്നു. ഒമാന്റെ വടക്ക് ഭാഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് സുഹാർ എയർപോർട്ട് മികച്ച ഒരു ഓപ്ഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.