ദുരിതയാത്ര സമ്മാനിച്ച് വീണ്ടും എയർ ഇന്ത്യ: കേരള സെക്ടറിൽ വിവിധ സർവിസുകൾ റദ്ദാക്കി
text_fieldsമസ്കത്ത്: കേരള സെക്ടറിൽ ദുരിതയാത്ര സമ്മാനിച്ച് എയർ ഇന്ത്യ എക്സ് പ്രസിന്റെ സർവിസ് റദ്ദാക്കൽ തുടരുന്നു. മേയ് അവസാനംവരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ സർക്കുലറിൽ അറിയിച്ചു.
മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്കത്ത്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്കത്ത്-കോഴിക്കോട്ടേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇതിനുപുറമെ മേയ് 30ന് തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്കും ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും ഇവിടെനിന്ന് കണ്ണൂരിലേക്കുള്ള ഫ്ലൈറ്റുകളും കാൻസൽ ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ ഒട്ടനവധി ഫ്ലൈറ്റുകൾ മെർജ് ചെയ്തതായും അറിയിച്ചിട്ടുണ്ട്.
സ്കൂൾ വേനലവധിയും ബലിപെരുന്നാളുമൊക്കെ മുന്നിൽകണ്ട് ടിക്കറ്റ് എടുത്തവരെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ റദ്ദാക്കൽ ഏറെ ബാധിക്കുക. നിരവധി പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനായി ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തിരുന്നു. ഒന്നിൽ കൂടുതൽ അംഗങ്ങളുള്ളതുകൊണ്ട് നിരക്കിന്റെ ഭാരമൊഴിവാക്കാൻ നേരത്തേ ബുക്ക് ചെയ്തവരായിരുന്നു ഇവരിൽ പലരും. വിമാനങ്ങൾ റദ്ദാക്കിയതോടെ ബദൽ മാർഗങ്ങൾ തേടേണ്ടി വരും. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളൊന്നും ടിക്കറ്റ് കിട്ടാത്തതും മറ്റ് വിമാനക്കമ്പനികളുടെ ഉയർന്ന നിരക്കുമെല്ലാം സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റിക്കുമെന്നുറപ്പാണ്. ജീവനക്കാരുടെ സമരംമൂലം അവതാളത്തിലായ എയർഇന്ത്യയുടെ സർവിസ് ദിവസങ്ങൾ കഴിഞ്ഞിട്ടും നേരെയായിട്ടില്ല.
പ്രവാസികളെ ദുരിതക്കയത്തിലാക്കി സർവിസ് നടത്തുന്ന എക്സ്പ്രസിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസ ലോകത്തുനിന്നും ഉയരുന്നത്. ബഹിഷ്കരണമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നാണ് പ്രവാസികൾ പറയുന്നത്.
യാത്രക്കാരെ ദുരിതത്തിലാക്കി എയർഇന്ത്യ എക്സ്പ്രസ് നടത്തുന്ന കൈവിട്ടകളിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി ഇടിക്കുള അടൂർ ആവശ്യപ്പെട്ടു.
എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ എന്ന നാമധാരണം ഉപേക്ഷിക്കണം. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈറ്റ് എന്തിന് ഇന്ത്യ എന്ന പേര് കൂട്ടി ചേർക്കണം. സർവിസുകൾ അവതാളത്തിലാക്കി സർവിസ് നടത്തുന്നതിന് ഉത്തരവാദി ഗവൺമെന്റാണോ ടാറ്റ കമ്പനിയാണോ എന്ന് അറിയാൻ പോലും പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.