മൃതദേഹങ്ങളെയും പിഴിഞ്ഞ് എയർ ഇന്ത്യ; കാർഗോ നിരക്ക് 210 റിയാലായി ഉയർത്തി
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ. നേരത്തെ ഉണ്ടായിരുന്ന 160 റിയാലിൽനിന്നും ( 34,082 ഇന്ത്യൻ രൂപ) 210 റിയാലായാണ് (ഏകദേശം 44,723 ഇന്ത്യൻ രൂപ) ഉയർത്തിയിരിക്കുന്നത്. ഇതിനുപുറമെ ജി.എസ്.എ ചാർജായി 50 റിയാൽ കൂടി നൽകുന്നതോടെ നിരക്ക് 260 റിയാൽ ആയി ഉയരും. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കിൽ നിരക്കിന്റെ പകുതി നൽകിയാൽ മതിയാകും. ഇതുസംബന്ധിച്ച് മേയ് 22ന് കാർഗോ ഏജന്റുമാർക്ക് നൽകിയ സർക്കുലറിലാണ് എയർ ഇന്ത്യ അധികൃതർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജൂൺ ഒന്നുമുതൽ കാർഗോ നിരക്ക് പ്രാബല്യത്തിൽ വരുകയും ചെയ്തു. നൂറ് കിലോവരെ ഭാരമുള്ള മൃതദേഹങ്ങൾക്കാണ് ഈ നിരക്ക് ഈടാക്കുക. ഇതിന് മുകളിൽ വരുന്നതിന് അധിക നിരക്കുകൾ നൽകേണ്ടിവരും. ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ 210ഉം ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ 235 റിയാലുമാണ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാൻ ഈടാക്കുന്നത്.
എയർ ഇന്ത്യ കാർഗോ നിരക്ക് ഉയർത്തിയതോടെ ഒമാനിൽനിന്ന് മൃതദേഹം കേരളത്തിലെത്തിക്കാൻ ചുരുങ്ങിയത് 620 റിയാലിന് (1.32 ലക്ഷം രൂപ) മുകളിൽ ചെലവു വരുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. കാർഗോ, എംബാമിങ്, എയർപോർട്ടിലേക്കുള്ള ട്രാൻസ്പോർട്ടിങ് ചാർജ് അടക്കമാണ് ഇത്രയും തുക വരുന്നത്.
ഒമാനിൽ ഭൂരിഭാഗം പ്രവാസികളും സ്വന്തമായി ചെറുകിട കച്ചവടങ്ങളും മറ്റും നടത്തുന്നവരാണ്. അതുകൊണ്ടുതന്നെ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനികളുടെ സഹായങ്ങളൊന്നും ലഭിക്കാറില്ല. സാമൂഹിക പ്രവർത്തകരും സന്നദ്ധ കൂട്ടായ്മകളും ചേർന്നാണ് ഇത്തരക്കാരുടെ മൃതദേഹങ്ങൾ കയറ്റിയയക്കാറ്. കാർഗോ നിരക്ക് ഉയർത്തിയതോടെ മൃതദേഹങ്ങൾ കയറ്റിയയക്കുന്നത് വീണ്ടും വെല്ലുവിളിയായി തീർന്നിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. എയർ ഇന്ത്യ സ്വകാര്യ മേഖലയിൽ വന്നതോടെ പ്രവാസികളെ പിഴിയുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് സാമൂഹിക സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജീവിച്ചിരിക്കുന്ന സമയത്തുതന്നെ സീസണിലും അല്ലാതെയും ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ പ്രയാസത്തിലാക്കുകയാണ് എയർ ഇന്ത്യ. ഇതിന് പുറമെയാണിപ്പോൾ മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് ഉയർത്തിയിരിക്കുന്നത്. പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും ജന പ്രതിനിധികളുടെയും മുറവിളികളും പ്രതിഷേധങ്ങളും ചലനങ്ങളൊന്നുമുണ്ടാക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പുതിയ നടപടി.
മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സഹായം
മസ്കത്ത്: വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായവുമായി നോർക്ക. അർഹരായവർക്ക് കാർഗോ നിരക്ക് നൽകാനുള്ള പദ്ധതി സംസ്ഥാന സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിനായി ‘ബോഡി റീപാട്രിയേഷൻ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്. നോർക്ക റൂട്ട്സ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും എന്തുകൊണ്ടോ പ്രവാസികൾക്കിടയിൽ ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചില്ല. വിവിധ വിമാനക്കമ്പനികളുമായി നോർക്ക ഇതു സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇത് പ്രാബല്യത്തിലായി മാസങ്ങൾ പിന്നിട്ടെങ്കിലും ഈ പദ്ധതി പ്രകാരം ഒരു മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. അർഹരായവർ ഇല്ലാഞ്ഞിട്ടല്ല, അർഹരായവരിലേക്ക് ഈ വിവരം എത്താത്തതാണ് പ്രശ്നം. എയർപോർട്ടിൽ നിന്ന് മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് സഹായവും നോർക്ക നൽകുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്ന സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഈ പദ്ധതിയിൽ നിന്നുള്ള സഹായം ലഭ്യമാക്കാൻ കഴിഞ്ഞാൽ, ആ പ്രവാസി കുടുംബത്തിന് നൽകുന്ന വലിയൊരു സഹായമായിരിക്കും ഇത്.
സഹായം ലഭിക്കാൻ എന്തുചെയ്യണം:
വിദേശ രാജ്യങ്ങളിൽനിന്നും പ്രവാസി മലയാളികളെ അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലെത്തിക്കുന്നതിനും ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന നിർധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് എമർജൻസി റിപാട്രിയേഷൻ ഫണ്ട്. ഇതിന്റെ ഉപപദ്ധതിയാണ് നോർക്ക അസിസ്റ്റൻറ് ബോഡി റീപാട്രിയേഷൻ ഫണ്ട്. അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര, അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിന് ചെലവ്, ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവരെ വിമാനത്താവളങ്ങളിൽ നിന്നും ആശുപത്രിയിൽ എത്തിക്കാനുള്ള ചെലവ് തുടങ്ങിയവ ഈ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നുണ്ട്.
- മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയർലൈനുകൾക്ക് തുക നേരിട്ട് നൽകുകയാണെങ്കിൽ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോർക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമർപ്പിക്കണം.
- നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ടാൽ പ്രത്യേക അപേക്ഷഫോറം ലഭിക്കും. ഇത് പൂരിപ്പിച്ച് നോർക്കയുടെ ceonorkaroots@gmail.com, pro.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം
- എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനക്കായി അസ്സൽ രേഖകൾ ഹാജരാക്കണം
- അതത് സ്ഥലത്തെ അംഗീകൃത പ്രവാസിസംഘടന വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് നോർക്ക റൂട്ട്സ് അടിയന്തര നടപടിയെടുക്കും
- വിദേശത്തുനിന്ന് മൃതദേഹം നാട്ടിലെത്തിച്ച വകയിലെ ചെലവുകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്നതിന് പാസ്പോർട്ട്, മരണ
- സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എംബാമിങ് സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണി, ലീഗൽ ഹെയർഷിപ് അല്ലെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ്, പ്രോസസിങ് ബില്ല്, മൃതദേഹം നാട്ടിലേക്കു കൊണ്ടുവന്ന അസ്സൽ കാർഗോ ബിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.