വീണ്ടും വൈകിപ്പറന്ന് എയർ ഇന്ത്യ: കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത് 15 മണിക്കൂറിലേറെ താമസിച്ച്
text_fieldsമസ്കത്ത്/മത്ര: വൈകിപ്പറന്ന് വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടാൻ താമസിച്ചതോടെ കഴിഞ്ഞ ദിവസം മത്രയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് 15 മണിക്കൂറിലധികം താമസിച്ച്.
മസ്കത്തിൽനിന്ന് ബുധനാഴ്ച അര്‍ധ രാത്രി കോഴിക്കോടേക്ക് പുറപ്പടേണ്ട ഐ.എക്സ് 338 വിമാനമാണ് 15 മണിക്കൂറിലേറെ വൈകി വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസത്തിലായത്.
കൊച്ചിയിൽനിന്നുള്ള വിമാനം വരാൻ വൈകിയതുകൊണ്ട് പുറപ്പെടാൻ വൈകിയെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണമെന്ന് യാത്രക്കാർ പറഞ്ഞു. ആദ്യം രാവിലെ പത്തര മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞുവെങ്കിലും വീണ്ടും വൈകുകയാണുണ്ടായത്. കഴിഞ്ഞ ദിവസം മത്രയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹവും കോഴിക്കോട് വിമാനത്തിലാണ് നാട്ടിലേക്ക് അയക്കാൻ ഒരുക്കിയിരുന്നത്. വ്യാഴം രാവിലെ കണ്ണൂരിലേക്കുള്ള വിമാനം ഒഴിവാക്കി ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്കുള്ള വിമാനം തിരഞ്ഞെടുത്തത് കഴിയുന്നതും വേഗം മൃതദേഹം നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
എന്നാല്‍, കോഴിക്കോട് വിമാനം വൈകിയതോടെ നാട്ടില്‍ കാത്തിരിക്കുന്നവരേയും മൃതദേഹത്തിന്റെ കൂടെ അനുഗമിക്കുന്നവരെയും പ്രയാസത്തിലാക്കി.
എപ്പോൾ പുറപ്പെടുമെന്നതടക്കമുള്ള ചോദ്യങ്ങൾക്ക് വിമാനാധികൃതരിൽനിന്ന് നിരുത്തരവാദിത്തപരമായ മറുപടിയാണ് ലഭിച്ചിരുന്നതെന്നും മത്രയിലെ സാമൂഹിക പ്രവര്ത്തകന് പറഞ്ഞു. സാധാരണ യാത്രക്കാരനാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം യാത്ര നീട്ടിവെക്കാമെന്ന് കരുതിയാലും കുഴപ്പമില്ല. ഇത് വിമാന കമ്പനിയുടെ ഉത്തരവാദിത്ത രാഹിത്യത്തില്‍ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയിരിക്കുന്നത്.
മൃതദേഹം കൊണ്ടു വരുന്നതും കാത്ത് നാട്ടില്‍ ആശങ്കയോടെ കഴിയുന്ന ബന്ധുജനങ്ങളും ബന്ധപ്പെട്ടവരെയും പറഞ്ഞ് സമാധാനിപ്പിക്കാന്‍ തന്നെ ഏറെ പണിപ്പെട്ടതായി മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആഡൂര് പറഞ്ഞു. എയര്‍പോർട്ട് കാര്‍ഗോ സെക്ഷനില്‍ എത്തിച്ച മൃതദേഹം മറ്റേതെങ്കിലും ഫ്ലൈറ്റിലേക്ക് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.