എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; ദുരിതംപേറി കണ്ണൂർ യാത്രക്കാർ
text_fieldsമസ്കത്ത്: മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഒടുവിൽ അഞ്ച് മണിക്കൂർ വൈകി പലരും നാടണഞ്ഞത് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ. മസ്കത്തില് വ്യാഴാഴ്ച രാവിലെ 7.30ന് കണ്ണൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള 150ഒാളം യാത്രക്കാർ ബുധനാഴ്ച രാത്രി വിമാനത്താവളത്തിൽ കുടുങ്ങി.
സലാല, ബുറൈമി, സൂർ തുടങ്ങി ഒമാന്റെ ദൂര ദിക്കുകളിൽനിന്ന് 12ഉം15ഉം മണിക്കൂർ സഞ്ചരിച്ച് വിമാനത്താവളത്തിൽ എത്തിയതായിരുന്നു പല യാത്രക്കാരും. ഇവിടെ എത്തിയപ്പോഴാണ് വിമാനം റദാക്കിയ വിവരം അറിയുന്നതെന്ന് യാത്രക്കാർ പറഞ്ഞു. മരണം, വിവാഹം, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെ അത്യാവശ്യ കാര്യങ്ങൾക്കുവരെ പുറപ്പെട്ടവരായിരുന്നു പലരും.
വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒരുക്കമായിരുന്നില്ലെന്ന് യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനിടെ അടിയന്തര ആവശ്യമുള്ളവർ ടിക്കറ്റ് റദ്ദാക്കി വ്യാഴാഴ്ച പുലർച്ച മൂന്ന് മണിക്കുള്ള കോഴിക്കോട് വിമാനത്തിന് ടിക്കറ്റ് എടുത്തു.
എന്നാൽ, ഇതും റദ്ദാക്കിയെന്ന അറിയിപ്പ് വന്നതോടെ വെട്ടിലായി. ഒടുവിൽ വ്യാഴാഴ്ച ഉച്ചയോടെ 12.30ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് പലരും നാടണഞ്ഞത്. തികച്ചും നിരുത്തരവാദപരമായ നിലപാടായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരടെ ഭാഗത്തുനിന്നുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഭക്ഷണംപോലും നൽകാൻ അധികൃതർ ഒരുക്കമായിരുന്നില്ല. ഒടുവിൽ യാത്രക്കാർ കൂട്ടമായി പ്രതിഷേധമറിയിച്ചതോടെ ബോർഡിങ് പാസ് എടുത്തവർക്ക് ഭക്ഷണം ലഭ്യമാക്കി. മറ്റുള്ളവർക്ക് പുറത്ത് ഹോട്ടൽ സൗകര്യം ഒരുക്കിനൽകിയെങ്കിലും രാത്രി ഭക്ഷണം ഉണ്ടായിരുന്നില്ല.
എന്നാൽ, വ്യാഴാഴ്ച ബ്രേക്ക്ഫാസ്റ്റ് ലഭ്യമാക്കിയെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കാരെ ദുരിതത്തിലാക്കി സർവിസ് തുടരുന്ന എയർ ഇന്ത്യ എക്സ്പ്രസിനെതിരെ നടപടിയെടുക്കാൻ നമ്മുടെ അധികാരികൾ തയാറാകാത്തത് സങ്കടകരമായ കാര്യമാണെന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരനായ റാസിഖ് പറഞ്ഞു.
ഇതിൽ രാഷ്ട്രീയ ഭേദമന്യേ ഇടപെട്ട് പരിഹാരം കാണാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇറങ്ങിയതിനുശേഷം കണ്ണൂരിൽ എങ്ങനെ എത്തപ്പെടും എന്നുള്ളതും ആശങ്കയുണ്ടാക്കുന്നതാണെന്നും കൈയിൽ ചില്ലിക്കാശില്ലാതെയാണ് ഞാനടക്കമുള്ള പലരും കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാൻപോകുന്നതെന്നും മറ്റൊരു യാത്രികനായ സിബിൽ പറഞ്ഞു.
തുടർച്ചയായി വിമാന സർവിസുകൾ മുടക്കുന്ന എക്സ്പ്രസിനെതിരെ പ്രവാസലോകത്ത് വർഷങ്ങളായി പ്രതിഷേധം പുകയുന്നുണ്ട്. എന്നാൽ, ബന്ധപ്പെട്ട അധികൃതർ ഇത് കണ്ടില്ലെന്നു നടിച്ച് പ്രവാസികളെ ദ്രോഹിക്കുന്നത് അനുസ്യൂതം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.