യാത്രക്കാരെ വലച്ച് എയർഇന്ത്യ എക്സ്പ്രസ്; പ്രവാസി പ്രതിഷേധം കനക്കുന്നു
text_fieldsമസ്കത്ത്: കേരള സെക്ടറിലേക്കുള്ള വിമാനയാത്രക്കാരോട് എയർ ഇന്ത്യ എക്സ്പ്രസ് കാണിക്കുന്ന നിരുത്തരവാദ സമീപനത്തിൽ പ്രവാസികള്‍ക്കിടയില്‍ അമര്‍ഷവും പ്രതിഷേധവും കനക്കുന്നു. വൈകിപ്പറക്കൽ സ്ഥിരം പല്ലവിയായ സാഹചര്യത്തിൽ സംഘടനകളും ബന്ധപ്പെട്ട അധികാരികളും ഇടപെടണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. എയർ ഇന്ത്യ ബഹിഷ്കരിക്കണമെന്ന തരത്തിലുള്ള വികാരം പങ്കുവെക്കുന്നവരുമുണ്ട്. മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈകി പറക്കുന്ന ശൈലി ഈയിടെയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽതന്നെ പലതവണ ദുരനുഭവമുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നാണ് അഭിപ്രായമുയരുന്നത്. സാങ്കേതികപ്രശ്നമാണെങ്കിൽ എന്തുകൊണ്ട് സ്ഥിരം പരിഹാരം ആലോചിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.
നേരത്തേ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നേരിട്ട് നടത്തുന്ന അവസ്ഥയേക്കാൾ മോശമാണ് ടാറ്റ ഏറ്റെടുത്ത ശേഷമെന്നും പലരും അഭിപ്രായപ്പെടുന്നു. ടാറ്റ ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷ പ്രവാസികൾക്കുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വല്ലപ്പോഴും വൈകുന്നതിൽ സഹകരിക്കാന്‍ എല്ലാവരും തയാറാണ്. എന്നാൽ, യാതൊരു നീതീകരണമോ സംതൃപ്തമായ വിശദീകരണമോ നല്‍കാതെ വൈകിപ്പറക്കുന്നതിലാണ് പ്രതിഷേധം ഉയരുന്നത്. വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളും നഷ്ടപരിഹാരവും നല്കുന്ന കാര്യത്തിലും എയർ ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന നിയമങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്നും ആരോപണമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.