എയർ ബബ്ളിെൻറ പേരിൽ എയർഇന്ത്യ ഇൗടാക്കുന്നത് കൊള്ളനിരക്ക്
text_fieldsമസ്കത്ത്: എയർ ബബ്ളിെൻറ പേരിൽ ഒമാനിൽ നിന്ന് കേരള സെക്ടറിലേക്ക് എയർഇന്ത്യ ഇൗടാക്കുന്നത് കൊള്ളനിരക്ക്. കേരളത്തിലേക്കടക്കം ഇന്ത്യൻ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിച്ചതിനാൽ അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽ പോവേണ്ടവരാണ് ഏറെ കുടുങ്ങിയിരിക്കുന്നത്. എയർ ബബ്ൾ ധാരണ നിലനിൽക്കുന്ന യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇൗടാക്കുന്നതിനെക്കാൾ ഇരട്ടിയിലധികമാണ് ഒമാനിൽ നിന്ന് എയർ ഇന്ത്യ ഇൗടാക്കുന്ന നിരക്കുകൾ.
പ്രയാസ ഘട്ടത്തിൽ ഇന്ത്യക്കാരെ സഹായിക്കുന്നതിന് പകരം വീണത് വിദ്യയാക്കുകയാണ് എയർഇന്ത്യയെന്ന് പ്രവാസികളും സാമൂഹിക സംഘടന ഭാരവാഹികളുമെല്ലാം പറയുന്നു. ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം നിരവധിപേർ യാത്ര മാറ്റിവെക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടണയാൻ രജിസ്റ്റർ ചെയ്തവർക്കാണ് ഉയർന്ന ടിക്കറ്റ് നിരക്ക് വലിയ പാരയായിരിക്കുന്നത്. പൊതുമാപ്പിൽ രജിസ്റ്റർ ചെയ്ത് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാൻ അനുവാദം ലഭിച്ച നിരവധി േപരാണ് ടിക്കറ്റ് നിരക്ക് കുറയുന്നതും കാത്തിരിക്കുന്നത്. എന്നാൽ, എയർ ഇന്ത്യയുടെ ഷെഡ്യൂൾ അനുസരിച്ച് അടുത്ത മാസവും കേരളത്തിേലക്ക് ഉയർന്ന നിരക്കുകൾ തന്നെയാണുള്ളത്.
കേരള സെക്ടറിലേക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണ് എയർ ഇന്ത്യ എക്പ്രസ് ഇൗടാക്കുന്നത്. മസ്കത്തിൽനിന്ന് കോഴിക്കോടിന് 141 റിയാലാണ് ജനുവരിയിലെ സാധാരണ നിരക്ക്. ഇത് 156 റിയാൽ വരെ ഉയരുന്നുണ്ട്. ഫെബ്രുവരിയിലും 141 റിയാൽ തന്നെയാണ് ബജറ്റ് വിമാനമായ എയർ എന്ത്യ എക്സ്പ്രസിെൻറ വൺവേ നിരക്ക് എന്നതാണ് അത്ഭുതം. ഇതേ കാലയളവിൽ ദുബൈയിൽ നിന്ന് കോഴിക്കോടിന് എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കുന്നതിനെക്കാൾ മൂന്നും നാലും മടങ്ങാണിത്. കൊച്ചിയിലേക്ക് ഇൗ മാസം 18ന് 165 റിയാലാണ് വൺ വേ നിരക്ക്. തിരുവനന്തപുരത്തേക്ക് ഇൗ മാസം 146 റിയാൽ വരെ ഇൗടാക്കുന്നുണ്ട്. അടുത്ത മാസം കുറഞ്ഞ നിരക്ക് 111 റിയാലാണ്. കണ്ണൂർ സെക്ടറിലേക്കും 100 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്കുകൾ.
എന്നാൽ, ഡൽഹി അടക്കമുള്ള മറ്റു സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കാണ് എയർ ഇന്ത്യ ഇൗടാക്കുന്നത്.
ഇൗ സെക്ടറിൽ ഇൗ മാസം 30 മുതൽ 81ൽ താഴെയാണ് നിരക്കുകൾ. അടുത്ത മാസം ആറ് മുതൽ 64 റിയാലാണ് നിരക്കുകൾ. മുബൈ സെക്ടറിലും 66 റിയാൽ വരെ കുറഞ്ഞ നിരക്ക് എത്തുന്നുണ്ട്. ബംഗളൂരു, മംഗലാപുരം സെക്ടറിൽ 106, 101 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ. ഹൈദരാബാദ് സെക്ടറിൽ 117ൽ നിന്ന് കുറഞ്ഞ് അടുത്ത മാസം 75 റിയാൽ വരെ എത്തുന്നുണ്ട്.
എയർ ബബ്ൾ ധാരണ നിലവിലുള്ള ദുബൈ- കോഴിക്കോട് സെക്ടറിൽ 35 ഒമാനി റിയാൽ വരെയാണ് ഇൗ മാസം അവസാനം വരെയുള്ള നിരക്കുകൾ. ഇൗ മാസം 18, 19, 21, 24 തീയതികളിൽ 325 ദിർഹം ആണ് എയർ ഇന്ത്യ നിരക്ക്. ഫെബ്രുവരിയിൽ 421 ദിർഹം ആണ് നിരക്ക്. ഫെബ്രുവരി ഒന്നിന് 460 ദിർഹമാണ് നിരക്ക്. ദുബൈ- കണ്ണൂർ സെക്ടറിൽ 490 ദിർഹം ആണ് ശരാശരി നിരക്ക്. ചില ദിവസങ്ങളിൽ ഇത് 590 ആയി ഉയരുന്നുണ്ട്. അബൂദബിയിൽ നിന്ന് കോഴിക്കോടിനുള്ള എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകൾ 540 ദിർഹമിൽ താഴെയാണ്. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയർന്നതോെട യാത്രക്കാർ കോഴിക്കോട് സെക്ടറിൽ സലാം എയറിനെയാണ് ആശ്രയിക്കുന്നത്.
ഇൗ സെക്ടറിൽ സലാം എയറാണ് താരതേമ്യന കുറഞ്ഞ നിരക്ക് ഇൗടാക്കുന്നത്. നിരക്കുകൾ വർധിച്ചതോടെ യു.എ.ഇ വഴി എയർ അറേബ്യയിൽ യാത്ര ചെയ്യുന്നവരും നിരവധിയാണ്.
ദുബൈയിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് കുറവായതിനാൽ കുടുംബസമേതം യു.എ.ഇ സന്ദർശക വിസയെടുത്ത് നാട്ടിലേക്ക് പോവുന്നവരും നിരവധിയാണ്.
നിലവിലെ അവസ്ഥയിൽ 30 റിയാൽ നൽകി യു.എ.ഇ വിസ എടുത്ത് കരമാർഗം യു.എ.ഇയിലെത്തി നാട്ടിലേക്ക് പറന്നാലും ലാഭമാണെന്നാണ് ട്രാവൽ മേഖലയുമായി ബന്ധമുള്ളവർ പറയുന്നത്. ഏതായാലും ഒമാനിൽ നിന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധിപേർ എയർ ബബ്ൾ എന്ന ട്രബ്ളിന് എന്ന് പരിഹാരമുണ്ടാവുമെന്നാണ് ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.