വിമാന സർവിസ്: 'എല്ലാം ശരിയാകും' ജനുവരി മുതൽ; പ്രതീക്ഷയിൽ പ്രവാസികൾ
text_fieldsമസ്കത്ത്: ഇന്ത്യയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ ജനുവരിയോടെ സാധാരണഗതിയിലാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണഗതി പ്രാപിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ പ്രഖ്യാപനം കഴിഞ്ഞദിവസം വന്നിരുന്നു. ജനുവരിയോടെ ഇന്ത്യ-ഒമാൻ സെക്ടറിലടക്കം കൂടുതൽ വിമാന സർവിസുകൾ നിലവിൽവരുമെന്നും ഇത് നിരക്കുകൾ കുറയാൻ ഇടയാക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രവാസികൾ. നിലവിൽ ഒമാൻ-ഇന്ത്യ സെക്ടറിൽ ഒമാൻ എയർ, സലാം എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ മാത്രമാണ് സർവിസ് നടത്തുന്നത്. സ്വകാര്യ വിമാന കമ്പനികൾക്കൊന്നും അനുവാദവും നൽകിയിട്ടില്ല.
ഇതുകാരണം ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നുമുള്ള വിമാന നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുകയാണ്. ഡിസംബറിൽ ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടക്കുകയാണ്. സ്കൂൾ അവധിക്കാലത്ത് നിരവധി പേരാണ് നാട്ടിൽ പോകാനിരിക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും അടക്കം നിരവധിപേർ കഴിഞ്ഞ 2019 ജൂണിലെ വേനൽക്കാലത്ത് നാട്ടിൽ പോയവരാണ്. കോവിഡ് പ്രതിസന്ധിയും ടിക്കറ്റ് പ്രശ്നവും കാരണം കഴിഞ്ഞ രണ്ടര വർഷമായി നാട്ടിൽ പോവാത്ത നിരവധി അധ്യാപകരും വിദ്യാർഥികളുമുണ്ട് ഒമാനിൽ. സ്കൂൾ അധ്യാപകരുടെ ടിക്കറ്റ് ചെലവുകൾ സ്കൂൾ അധികൃതർ വഹിക്കുമെങ്കിലും രക്ഷിതാക്കളിൽ പലരും സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കേണ്ടവരാണ്. നാലും അഞ്ചും അംഗങ്ങളുള്ള കുടുബങ്ങൾക്ക്, സ്വകാര്യ വിമാന കമ്പനികൾക്ക് അനുവാദം നൽകാത്തതു മൂലമുള്ള ഉയർന്ന നിരക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ക്രിസ്മസ് അവധിക്കാലത്ത് ഒമാനിൽനിന്ന് ഇന്ത്യയിലെ ഏത് സെക്ടറിലേക്ക് യാത്രചെയ്യുന്നവരും റിട്ടൺ ടിക്കറ്റിന് ചുരുങ്ങിയത് 250 റിയാലെങ്കിലും നൽകേണ്ടിവരും.
ഇതനുസരിച്ച് അഞ്ചംഗ കുടുംബത്തിന് നാട്ടിൽ പോയി തിരിച്ചു വരാൻ ചുരുങ്ങിയത് 1250 റിയാലെങ്കിലും ടിക്കറ്റ് ഇനത്തിൽ മാത്രം വേണ്ടി വരും. പി.സി.ആർ ടെസ്റ്റ് അടക്കമുള്ള അനുബന്ധ ചെലവുകൾ േവറെയും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്നത്തെ അവസ്ഥയിൽ ഇത്രയും വലിയ ചെലവുകൾ താങ്ങാൻ പറ്റുന്ന അവസ്ഥയിലല്ല പലരും. അതിനാൽ നാട്ടിൽ പോവുക എന്ന സ്വപ്നം തൽക്കാലം ഒഴിവാക്കുകയെന്നത് മാത്രമാണ് പോം വഴി.
ഡിസംബറിൽ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ബജറ്റ് എയർലൈൻസുകൾ പോലും ഉയർന്ന നിരക്കുകളാണ് ഇൗടാക്കുന്നത്. ചില ദിവസങ്ങളിൽ ഒമാൻ എയറിന് സമാന നിരക്കുകളാണ് എക്സ്പ്രസ് ഇൗടാക്കുന്നത്. ഉയർന്ന വിമാന ടിക്കറ്റ് കാരണം പലരും യാത്ര വീണ്ടും മാറ്റിവെച്ചുകഴിഞ്ഞു. അടുത്ത ജൂണിലെ വേനൽ അവധിക്കാലത്ത് നാട്ടിൽ േപാവാനാണ് പലരും പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.