പെരുന്നാൾ അവധി; ആകാശ കൊള്ളയുമായി വിമാന കമ്പനികൾ
text_fieldsമസ്കത്ത്: ബലിപെരുന്നാൾ അവധി അടുത്തതോടെ പ്രവാസികളെ പിഴിയുന്ന പതിവ് നയവുമായി വിമാനക്കമ്പനികൾ. സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒത്തുവന്നത് വൻ കൊള്ളയാക്കി മാറ്റുകയാണ് മസ്കത്തിൽനിന്ന് കേരളത്തിലേക്ക് സർവിസ് നടത്തുന്ന വിമാനക്കമ്പനികൾ. ഇത്തവണ ഇന്ത്യയുടെ ബജറ്റ് വിമാനമായ എയർ ഇന്ത്യ എക്സ്പ്രസാണ് കൊള്ളയടിയിൽ ഒന്നാം സ്ഥാനത്ത്. ചില സർവിസുകളിൽ ഒമാൻ എയറിനെപ്പോലും കടത്തിവെട്ടുന്ന നിരക്കുകളാണ് എയർ ഇന്ത്യ ഈടാക്കുന്നത്. പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും ജന പ്രതിനിധികളുടെയും മുറവിളികളും പ്രതിഷേധങ്ങളും ചലനങ്ങളൊന്നുമുണ്ടാക്കില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് പുതിയ നിരക്കുകൾ. ഞായറാഴ്ചവരെ പ്രയാസകരമല്ലാത്ത നിരക്കുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് കേരള സെക്ടറിലേക്ക് ഈടാക്കിയിരുന്നത്. എന്നാൽ, ചൊവ്വാഴ്ച ഒറ്റയടിക്ക് 100 റിയാലിലധികമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്.
ചൊവ്വാഴ്ച മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് വൺവേക്ക് 280 റിയാലിലധികമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക്. ബുധനാഴ്ച 220 റിയാലും വ്യാഴാഴ്ച 220 റിയാലിലധികവുമാണ് വൺവേക്ക് ഈടാക്കുന്നത്. വെള്ളിയാഴ്ച നിരക്ക് 280 റിയാലിന് മുകളിലാണ്. ശനിയാഴ്ച 220 റിയാലും ഞായർ, തിങ്കൾ ദിവസങ്ങളിൽ 250 റിയാലിലധികവുമാണ് ടിക്കറ്റ് നിരക്ക്. പെരുന്നാളിനുശേഷം മാത്രമാണ് നിരക്കുകളിൽ കുറവ് വരുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ നടത്തുന്ന കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കും ഉയർന്ന നിരക്കുകൾ തന്നെയാണുള്ളത്. മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് ശനിയാഴ്ച 305 റിയാലിലധികമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വൺവേ നിരക്ക്. തിങ്കളാഴ്ചയും 305 റിയാൽതന്നെയാണ് നിരക്ക്. എന്നാൽ, പെരുന്നാളിന് തലേദിവസമായ ബുധനാഴ്ച നിരക്ക് 246ലധികം റിയാലായി മാറുന്നുണ്ട്. കണ്ണൂരിലേക്ക് ഗോ എയർ സർവിസ് നിർത്തിയത് എയർ ഇന്ത്യക്ക് കൊള്ളയടിക്ക് മികച്ച അവസരമാണ് നൽകുന്നത്. ആഴ്ചക്ക് മൂന്ന് ദിവസം മാത്രം സർവിസ് നടത്തുന്നതും കൊള്ളയടിക്ക് അവസരം വർധിക്കാൻ കാരണമാകുന്നു. കോഴിക്കോടിനെയും കണ്ണൂരിനെയും അപേക്ഷിച്ച് കൊച്ചിയിൽ നിരക്കിന് ചെറിയ കുറവുണ്ട്. കൊച്ചിയിലേക്ക് ബുധൻ, ശനി ദിവസങ്ങളിൽ വൺവേക്ക് 193 റിയാലിന് ടിക്കറ്റുകളുണ്ട്. ഒമാൻ എയർ കോഴിക്കോട്ടേക്ക് വൺവേക്ക് 410 റിയാലാണ് ചൊവ്വാഴ്ചത്തെ നിരക്ക്. ബാക്കി ദിവസങ്ങളിൽ നിരക്കുകൾ 272 റിയാലായി കുറയുന്നുണ്ട്.
വിമാനക്കമ്പനികൾ കേരള സെക്ടറിലേക്ക് നിരക്കുകൾ കുത്തനെ ഉയർത്തുന്നത് അത്യാവശ്യത്തിന് നാട്ടിൽ പോവേണ്ടവരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. രോഗം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോവേണ്ടവർക്ക് ഉയർന്ന നിരക്ക് വലിയ തിരിച്ചടിയാവും. കുറഞ്ഞ വരുമാനക്കാരാണെങ്കിൽ വൺവേ ടിക്കറ്റിനുതന്നെ മാസങ്ങളുടെ ശമ്പളം വേണ്ടിവരും. ടിക്കറ്റ് നിരക്കുകൾ വർധിച്ചതോടെ പെരുന്നാൾ അവധി യാത്രകൾ പലരും ഒഴിവാക്കി. അവധി ആഘോഷിക്കാൻ തുർക്കിയ, അസൈർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോവുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.