വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ വട്ടം കറക്കൽ; ദുരിതം പേറി യാത്രക്കാർ
text_fieldsമസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം മസ്കത്ത്-കോഴിക്കോട്-കൊച്ചി വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്ര തുടർന്നതാകട്ടെ മുംബൈ വഴിയും. ഇതോെട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. സാങ്കേതിക തകരാറാണ് വിമാനം വൈകാനുള്ള കാരണമെന്നാണ് എയർഇന്ത്യ അധികൃതരുടെ വിശദീകരണം.
വ്യാഴാഴ്ച പകൽ 11.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 442 വിമാനമാണ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ യാത്രക്കാരുമായി തിരിച്ചത്. വൈകീട്ട് അഞ്ചര മണിയോടെ മുംബൈയിൽ എത്തിയെങ്കിലും രാത്രി 10.30 ആയിട്ടും കേരളത്തിലേക്ക് തിരിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വ്യത്യസ്ത വിമാനങ്ങൾ വഴി ഇവരെ കയറ്റി അയക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും രണ്ടുമൂന്നുപേർ ഒഴികെയുള്ള യാത്രക്കാർ വിസമ്മതിക്കുകയായിരുന്നു. മസ്കത്തിൽ ബോർഡിങ് പാസെടുത്തതിന് ശേഷമാണ് വിമാനം വൈകുമെന്ന വിവരം ലഭിച്ചിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു.
ഗർഭിണികളും പ്രായമായവരും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇതുമൂലം പ്രയാസത്തിലായത്. ചികിത്സക്ക് പോകുന്ന ഒമാനി പൗരന്മാരടക്കം വിമാനത്തിലുണ്ടായിരുന്നു. ഒമാന്റെ ദൂരദിക്കുകളിൽനിന്നും വളരെ നേരത്തേതന്നെ എയർപോർട്ടിൽ എത്തിയവരായിരുന്നു യാത്രക്കാരിൽ അധികപേരും. അതിനാൽ പലർക്കും ഭക്ഷണത്തിനും മറ്റും പ്രയാസം നേരിടുകയും ചെയ്തു. യാത്ര പുറപ്പെടുന്നതുവരെ ചെറിയ കുപ്പിവെള്ളം മാത്രമാണ് നൽകിയതെന്നും കൊച്ചി സ്വദേശിനിയായ യാത്രക്കാരി ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
എന്നാൽ, പിന്നീട് ഭക്ഷണവും വെള്ളവും മറ്റും ലഭ്യമാക്കുകയും ചെയ്തു. പലരും അടിയന്തരാവശ്യങ്ങൾക്കായി നാട്ടിലേക്ക് തിരിച്ചവരാണ്. ഡോക്ടർമാരെ കാണാനായി മുൻകൂട്ടി ബുക്ക് ചെയ്ത് പോകുന്നവരും ഇവരിലുണ്ട്. മുംബൈ വഴിയുള്ള യാത്രയും കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ഒരുദിവസംതന്നെ കഴിഞ്ഞിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ഡോക്ടറെ കാണുന്നതടക്കമുള്ള മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളെല്ലാം അവതാളത്തിലാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെയാണ് എയർ ഇന്ത്യ എക്പ്രസ് വിമാനങ്ങൾ തുടർച്ചയായി വൈകുന്നത്. വൈകൽ തുടർക്കഥയായതോടെ അത്യാവശ്യകാര്യത്തിനും മറ്റും നാട്ടിൽ പോവുന്നവരും ഹ്രസ്വ അവധിക്ക് പോവുന്ന സമയത്തിന് ജോലിസ്ഥലത്ത് റിപ്പോർട്ട് ചെയ്യേണ്ടവരും അടക്കം പലരും മറ്റ് വിമാന കമ്പനികളിൽ ടിക്കറ്റെടുക്കുകയാണ്. തുടർച്ചയായി എയർ ഇന്ത്യ എക്പ്രസ് വൈകുന്നതിനെതിരെ നടപടികൾ ആവശ്യമാണെന്നാണ് പ്രവാസികൾ പറയുന്നത്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.