അവധി അടുക്കുന്നു, ആകാശ കൊള്ളക്കൊരുങ്ങി വിമാനക്കമ്പനികൾ
text_fieldsമസ്കത്ത്: ക്രിസ്മസ് ശൈത്യകാല അവധി അടുക്കാനിരിക്കെ വിമാനക്കമ്പനികൾ ആകാശ കൊള്ളക്കൊരുങ്ങുന്നു. ഡിസംബറിൽ ക്രിസ്മസ് ശൈത്യകാല അവധിക്കായി സ്കൂളുകൾ അടക്കും. ഇതോടെ അവധി ആഘോഷങ്ങൾക്കായി നിരവധി പേരാണ് നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. ഇത് മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുകയാണ്. നവംബറിൽ താരതമ്യേന കുറഞ്ഞ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. എന്നാൽ ഡിസംബറോടെ നിരക്കുകൾ ഉയരുകയാണ്. ബജറ്റ് വിമാനക്കമ്പനികളായ സലാം എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവപോലും ഉയർന്ന നിരക്കുകളാണ് ഡിസംബറിൽ ഈടാക്കുന്നത്.
കോഴിക്കോട് സെക്ടറിലേക്ക് സലാം എയർ ഡിസംബർ 16 മുതൽ സർവിസ് പുനരാരംഭിക്കുന്നുണ്ട്. കോഴിക്കോട്ടേക്ക് പുതിയ സർവിസുകൾ വർധിച്ചതോടെ നിരക്കുകൾ കുറയുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച സലാം എയർ സർവിസ് പുനരാരംഭിക്കുന്നത് കാണിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് വെബ് സൈറ്റിൽ ഇട്ടിരുന്നത്. എന്നാൽ, അർധരാത്രിയോടെ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുകയായിരുന്നു.
ഡിസംബർ പകുതി മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ദിവസേന നാല് സർവിസുകളാണുള്ളത്. ഒമാൻ എയർ ദിവസവും രണ്ട് സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും ദിവസേന ഓരോ സർവിസുകളും നടത്തും. സർവിസുകൾ വർധിക്കുന്നതോടെ നിരക്കുകൾ കുറയുമെന്ന് പലരും കരുതിയിരുന്നു. ഇതോടെ പലരും നാട്ടിൽ പോകാനും ഒരുങ്ങിയിരുന്നു. എന്നാൽ, അവസരം മുതലെടുത്ത് സീസൺ കാലത്ത് ലാഭം കൊയ്യുക എന്ന നയമാണ് വിമാനക്കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്.
നവംബർ അവസാനംവരെ എയർ ഇന്ത്യ എക്സ്പ്രസ് വൺവേക്ക് 50 റിയാലിൽ താഴെയാണ് ഈടാക്കിയിരുന്നത്. എന്നാൽ, ഡിസംബർ പകുതിയോടെ എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകൾ വൺവേക്ക് 105 റിയാലായി ഉയരുന്നുണ്ട്.
ജനുവരിവരെ സമാനമായ നിരക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കൊച്ചിയിലേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. കണ്ണൂരിലേക്ക് ഡിസംബറിൽ കൂടിയ നിരക്ക് 100 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. ഒമാൻ എയർ ഈ സെക്ടറിൽ വൺവേക്ക് 155 റിയാലാണ് ഈടാക്കുന്നത്. മസ്കത്ത്-കോഴിക്കോട് സെക്ടറിൽ സലാം എയറാണ് ഡിസംബറിൽ താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കുന്നത്.
മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് 20 കിലോ ലഗേജും ഏഴു കിലോ ഹാൻഡ് ബാഗിനും 86.200 റിയാലാണ് സലാം എയർ ഈടാക്കുന്നത്. 30 കിലോ ലഗേജിന് 94 റിയാൽ നൽകേണ്ടിവരും. എന്നാൽ ജനുവരിയോടെ നിരക്കുകൾ 65 റിയാലായി കുറയുന്നുണ്ട്. സലാം എയർ കോഴിക്കോട്ട് നിന്ന് മസ്കത്തിലേക്ക് ഡിസംബറിൽ 43 റിയാലാണ് ഈടാക്കുന്നത്. സീസൺ കഴിയുന്നതോടെ നിരക്കുകൾ ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.