എയർപോർട്ട് ഇന്നൊവേറ്റ് കോൺഫറൻസിനും എക്സിബിഷനും ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഒമാൻ എയർപോർട്ട്സ്, എ.സി.ഐ, ഏഷ്യ-പസഫിക്, മിഡിലീസ്റ്റ്, യൂറോപ് എന്നിവക്കുള്ള റീജനൽ എയർപോർട്ട് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ എയർപോർട്ട് ഇന്നൊവേറ്റ് കോൺഫറൻസും എക്സിബിഷനും ഒമാൻ സംഘടിപ്പിക്കും. നവംബർ 21, 22 തീയതികളിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പരിപാടി. ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജി സഈദ്ബിൻ ഹമൂദ് അൽ മാവാലിയുടെ മേൽനോട്ടത്തിലായിരിക്കും കോൺഫറൻസ്. ഒമാൻ എയർപോർട്ട് സി.ഇ.ഒയും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ബോർഡ് ചെയർമാനുമായ ശൈഖ് ഐമെൻ ബിൻ അഹമ്മദ് അൽ ഹുസ്നി, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി ഉന്നതർ, വ്യോമയാന, വിമാനത്താവള മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളുടെ ഭാവിയിലെ ഏറ്റവും നൂതനമായ കാര്യങ്ങൾ, മുൻനിര സാങ്കേതികവിദ്യകൾ, തന്ത്രങ്ങൾ എന്നിവ കോൺഫറൻസ് ചർച്ച ചെയും.
അവതരണങ്ങളും പാനൽ ചർച്ചകളും ഉൾപ്പെടെ 23 സെഷനുകളിലൂടെ എയർപോർട്ട് മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ, സംഭവവികാസങ്ങൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവയെക്കുറിച്ചും വിശകലനം ചെയ്യും. ലോകമെമ്പാടുമുള്ള മുൻനിര വിമാനത്താവളങ്ങളിൽനിന്നുള്ള 45ലധികം സി.ഇ.ഒമാർ ഇന്നൊവേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എയർപോർട്ട് മേഖലയിലെ പ്രവർത്തന രീതികളും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ നൂതനാശയങ്ങൾ തുടങ്ങിയവ സംബന്ധിച്ച പര്യവേക്ഷണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനിൽ വിമാനത്താവളങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ 14 അന്താരാഷ്ട്ര സംഘടനകൾ പ്രദർശിപ്പിക്കും. ഒമാനിലെ നിരവധി സ്റ്റാർട്ടപ്പ് ടെക്നോളജി കമ്പനികളും എക്സിബിഷനിൽ പങ്കെടുക്കുകയും വ്യോമയാന, വിമാനത്താവളം എന്നിവയിലെ തങ്ങളുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.
ഗൂഗ്ൾ, ആമസോൺ, എയർബസ്, ഐഡെമിയ, വാവെയ്, നോക്കിയ, സിസ്കോ, മൂഡീസ് ക്രെഡിറ്റ് റേറ്റിങ് ഏജൻസി, ഐ.എ.ടി.എ, ഡിലോയിറ്റ്, ടി.എ.വി, സിസ്റ്റ, ഗൾഫ് എയർ, ജെ.സി ഡികോക്സ് തുടങ്ങി ആഗോള മേഖലയിൽ പ്രശസ്തരായ നിരവധികമ്പനികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.