ആറുമാസത്തെ ഇടവേളക്കുശേഷം ഒമാനിൽ വിമാനത്താവളങ്ങൾ തുറന്നു
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: ആറുമാസത്തെ ഇടവേളക്കുശേഷം ഒമാനിൽ വിമാനത്താവളങ്ങൾ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് അവസാനം മുതൽ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ മുതൽ വിമാന സർവിസുകൾക്ക് തുടക്കമായി. നിലവിൽ മസ്കത്ത് വിമാനത്താവളത്തിൽനിന്ന് മാത്രമേ രാജ്യാന്തര സർവിസുകൾ ഉള്ളൂ. സലാലയിലേക്കുള്ള ആഭ്യന്തര വിമാന സർവിസുകൾക്കും തുടക്കമായിട്ടുണ്ട്.ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും സലാം എയറും സർവിസ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ സർവിസ് നടത്തിയിരുന്ന സ്ഥലങ്ങളിലേക്ക് രണ്ടു പ്രതിവാര സർവിസുകൾക്ക് മാത്രമാണ് അനുമതി. ഒമാൻ എയർ സലാലയിലേക്ക് രണ്ട് പ്രതിദിന സർവിസുകളും നടത്തുന്നുണ്ട്. ഇൗമാസം അവസാനം വരെ നിലവിലെ ഷെഡ്യൂൾ തുടരും.
ശേഷം സാഹചര്യം വിലയിരുത്തിയ ശേഷമാകും സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കം തീരുമാനങ്ങൾ കൈക്കൊള്ളുക. ഒമാൻ എയർ ഡൽഹിയും കൊച്ചിയുമടക്കം 12 രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്കാണ് സർവിസ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ രാജ്യാന്തര വിമാന സർവിസുകൾക്കുള്ള വിലക്ക് പിൻവലിക്കാത്തതിനാൽ ഇന്ത്യയിലേക്കുള്ള സാധാരണ സർവിസുകൾ വൈകാനാണ് സാധ്യത. ഒമാനിൽ വന്നിറങ്ങുന്ന യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ നിർബന്ധിത പി.സി.ആർ പരിശോധനക്ക് വിധേയരാകണം. 25 റിയാലാണ് നിരക്ക്.
ചൈനീസ് കമ്പനിയുമായി സഹകരിച്ചാണ് പി.സി.ആർ പരിശോധന സംവിധാനം ഒരുക്കിയിട്ടുള്ളത്. വിമാന ജീവനക്കാരെയും 15 വയസ്സിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.ഒമാനിലേക്കുള്ള യാത്രക്കാർ തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണ്. ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും Tarassud + എന്ന് ടൈപ് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം ഒാപൺ ചെയ്താൽ ഹോം പേജിൽ തന്നെ രജിസ്ട്രേഷനുള്ള പേജ് ലഭിക്കും. ഏഴുദിവസം വരെയുള്ള താമസത്തിന് ഒമാനിൽ എത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമില്ല. ഇവർ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താൽ മതി. പി.സി.ആർ പരിശോധന ഫലം നെഗറ്റിവ് ആണെങ്കിൽ സുരക്ഷ നടപടികൾ പാലിച്ച് സന്ദർശനം തുടരാവുന്നതാണ്. എട്ടുദിവസം മുതൽ മുകളിലേക്കുള്ളവർ തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും 14 ദിവസം ക്വാറൻറീൻ ചെയ്യുകയും വേണം.
പി.സി.ആർ പരിശോധനക്ക് തറാസുദ് പ്ലസ് ആപ്ലിക്കേഷൻ വഴി മുൻകൂർ രജിസ്റ്റർ ചെയ്യുന്നത് വിമാനത്താവളത്തിലെ കാത്തിരിപ്പ് ഒഴിവാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒമാനിലെത്തുന്ന എല്ലാ വിദേശികൾക്കും കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സാ ചെലവ് വഹിക്കാൻ കഴിയുന്ന ഇൻഷുറൻസ് പോളിസി നിർബന്ധമാണ്.ക്വാറൻറീൻ ആവശ്യമുള്ളവർ താമസ സൗകര്യത്തെ കുറിച്ച വിവരങ്ങളും നൽകണം. ഒമാനിൽനിന്ന് യാത്ര പുറപ്പെടുന്നവർ കുറഞ്ഞത് മൂന്നുമുതൽ നാലുമണിക്കൂർ വരെ സമയത്തിനുള്ളിൽ വിമാനത്താവളത്തിൽ എത്തണം.സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ കർശന സുരക്ഷ നടപടികൾ പാലിക്കണം. ഒരു ഹാൻഡ് ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗേജും മാത്രമാണ് അനുവദിക്കുക. വിമാനത്താവള ടെർമിനലിലേക്ക് യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.