എട്ടു മീറ്റർ നീളത്തിൽ സുൽത്താെൻറ ചിത്രമൊരുക്കി അക്ബർ മുഹമ്മദ്
text_fieldsമസ്കത്ത്: തൃശൂർ തൃപ്പയാർ സ്വദേശി അക്ബർ മുഹമ്മദ് പ്രവാസ ജീവിതം ആരംഭിച്ചിട്ട് എട്ടു വർഷം, എന്നാൽ ഇതിനകം രാജ്യത്തിെൻറ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിെൻറയും ഇപ്പോഴത്തെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിെൻറയും നിരവധി ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചത്. 51ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സുൽത്താെൻറ എട്ടു മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള ചിത്രമാണ് ഇപ്പോൾ വരച്ചത്. ഇത് ഇദ്ദേഹം ജോലി ചെയ്യുന്ന സുബൈർ ഫർണിഷിങ്ങിെൻറ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് ചിത്രംവര തുടങ്ങിയത്. എന്നാൽ, ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് കേടുവന്നു. നിരാശ തോന്നിയെങ്കിലും സുഹൃത്തുക്കൾ നിർബന്ധിച്ചതോടെ വീണ്ടും വര ആരംഭിച്ചു.
എട്ടു മീറ്റർ ഉയരവും മൂന്നു മീറ്റർ വീതിയുമുള്ള ഈ ചിത്രത്തിൽ 110 പേപ്പറുകളാണ് ഉപയോഗിച്ചത്. യൂനിവേഴ്സൽ പ്രൈമറും പ്ലാസ്റ്റിക് എമൽഷനും ഉപയോഗിച്ച മിശ്രിതം ബ്രഷും സ്റ്റിക്കും ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. കൂടെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളും ഏറെ സഹായിച്ചുവെന്ന് അക്ബർ പറയുന്നു. ഇദ്ദേഹം വരച്ച സുൽത്താൻ ഖാബൂസിെൻറ വിവിധ ചിത്രങ്ങൾ പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഒമാനിലെ മുൻ ഇന്ത്യൻ സ്ഥാനപതി മുനു മഹാവിറിെൻറ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, സ്പീക്കർ എം.ബി. രാജേഷ് എന്നിവരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. നല്ലൊരു ഗാനരചയിതാവ് കൂടിയാണ് അക്ബർ. 48ാം ദേശീയ ദിനത്തോടനുബന്ധിച്ച അക്ബർ രചിച്ച സംഗീത ആൽബവും പുറത്തിറക്കിയിരുന്നു. അജീനയാണ് ഭാര്യ. ആബിദ് അക്ബർ, റൂബി അക്ബർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.