ജബൽ അഖ്ദറിന് അനുഗ്രഹമായി അൽ അതം മരങ്ങൾ
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജബൽ അഖ്ദറിന് അൽ അതം മരങ്ങൾ അനൂഗ്രഹമാകുന്നു. രാജ്യത്ത് ദീർഘകാലം നിലനിൽക്കുന്ന മരമായാണ് അൽ അതം അറിയപ്പെടുന്നത്. ഏറ്റവും പുതിയ പരിസ്ഥിതി പഠനം അനുസരിച്ച് മരം 400 വർഷത്തിലധികം ജീവിക്കുമെന്നാണ് കണക്കാക്കുന്നത്. നിറയെ ഇലകളുള്ള ഈ മരത്തിന് ജബൽ അഖ്ദറിലെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രധാന്യമുണ്ട്. ഇവ ജബൽ അഖ്ദറിന്റെയും ജബൽ ശംസിന്റെയും താഴ്വാരങ്ങളിലാണ് കൂടുതൽ കണ്ട് വരുന്നത്.
ഇതിന്റെ തടി നല്ല ഉറപ്പുള്ളതിനാൽ വീട് നിർമാണത്തിനും മര ഉപകരണങ്ങൾ ഉണ്ടാക്കുവാനുമാണ് കാര്യമായി ഉപയോഗിക്കുന്നത്. കന്നുകാലികളുടെയും മറ്റും രോഗ ചികിത്സക്കും മരം ഉപയോഗിക്കുന്നുണ്ട്. മരങ്ങളിൽ നിന്ന് ലഭിക്കുന്ന എണ്ണ ബോട്ടുകൾ ചായമടിക്കാൻ ഉപയോഗിക്കുന്നു. മരത്തിന്റെ ചില്ലകൾ ദന്ത ശുചീകരണത്തിനുള്ള മിസ്വാക്കായും ഉപയോഗിക്കുന്നു. തേനീച്ച വളർത്തൽ പ്രേമികൾ മികച്ച തേൻ അതം മരത്തിലാണ് തേടിയെത്തുന്നത്. മരത്തിൽ നിറയെ പൂക്കളുള്ളതിനാൽ ഈ മരത്തിൽ നിന്ന് നല്ല തേനുകളാണ് ലഭിക്കുന്നത്. അതിനാൽ അൽ അതം തേൻ ജബൽ അഖ്ദറിന്റെ മികച്ച തേനായി അറിയപ്പെടുന്നു.
അൽ അതം മരങ്ങൾ ജബൽ അഖ്ദറിലെ താപ നില കുറക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. മരത്തിന്റെ ഇലകൾ സൂര്യ പ്രകാശം വലിച്ചെടുക്കുകയും അന്തരീക്ഷത്തിലേക്ക് ജല ബാഷ്പങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു. ജല മലിനീകരണം തടയുന്നതിനും അൽ അതം മരങ്ങൾ വലിയ പങ്ക് വഹിക്കുന്നു. വേരുകൾ ഭൂഗർഭ ജലത്തെ ശുദ്ധീകരിക്കുകയും മഴ വെള്ളവും മലിന ജലവും ഭൂഗർഭ ജലത്തിൽ കലരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വിവിധ തരം പക്ഷികൾക്കും പൂമ്പാറ്റകൾക്കും മറ്റനേകം ജീവികൾക്കും അൽ അതം സംരക്ഷണം നൽകുന്നതിനാൽ ജബൽ അഖ്ദറിലെ പ്രാധാന്യമേറിയ മരമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.