അല്‍-നഹ്ദ അയല്‍ക്കൂട്ടം കായികമേള സംഘടിപ്പിച്ചു
text_fieldsമസ്കത്ത് : ഗാലയിലെ പ്രമുഖ റസിഡൻഷ്യൽ കോംപ്ലക്സ് അല്‍- നഹ്ദ ടവേഴ്സ് മലയാളീ കൂട്ടായ്മയായ ‘അല്‍-നഹ്ദ അയല്‍ക്കൂട്ടം’ കായിക മേള സംഘടിപ്പിച്ചു. ഗാലയിലെ അല്‍ അമല്‍ സ്പോർട്സ് ക്ലബിൽ നടന്ന കായിക മേള സംഘടനയുടെ മുതിർന്ന അംഗമായ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മെറൂൺ, ഓറഞ്ച്, പച്ച, നീല എന്നീ നിറങ്ങളിലുള്ള ജഴ്സികൾ അണിഞ്ഞ് നാല് ടീമുകളിലായി എത്തിയ 180 ഓളം വരുന്ന മത്സരാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ കായിക മേളക്കു തുടക്കമായി. കേരളം യൂനിവേഴ്സിറ്റി റിട്ട. പ്രഫസർ ഡോ. മുരളി ദാമോദരൻ സല്യൂട്ട് സ്വീകരിച്ചു.
തുടര്‍ന്ന് വിവിധ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. എല്ലാ പ്രായമായ വിഭാഗത്തില്‍പെട്ടവരെയും മത്സരങ്ങളിൽ പങ്കെടുപ്പിച്ചിരുന്നു. 100 മീറ്റര്‍, 75 മീറ്റര്‍, 50 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, റിലേ, പെനാൽറ്റി ഷൂട്ട് ഔട്ട്, ബൗൾഡ് ഔട്ട്, ത്രീ ലെഗ് റേസ്, വടംവലി തുടങ്ങിയ കായിക ഇനങ്ങളും, കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും നടത്തി. വിജയികൾക്ക് മെഡലുകളും, ഓവറോൾ ചാമ്പ്യൻസിന് ട്രോഫിയും വിതരണം ചെയ്തു.
ഏകദേശം പത്ത് വർഷമായി നിലവിലുള്ള ഈ കൂട്ടായ്മയില്‍ നൂറിലധികം കുടുംബങ്ങളാണ് അംഗങ്ങളായിട്ടുള്ളത്. വർഷംതോറും വിവിധ കലാപരിപാടികളും സംഘടന നടത്തി വരുന്നു. തിരക്കേറിയ പ്രവാസി ജീവിതത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ, വിനോദത്തിനും ആനന്ദത്തിനും പുറമെ കുടുംബങ്ങളുമായുള്ള ഐക്യവും കെട്ടിപ്പടുക്കാൻ ഉപകരിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.