അക്ഷരമുറ്റങ്ങളിൽ വീണ്ടും മണിമുഴക്കം
text_fieldsമസ്കത്ത്: വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ അധ്യായനം പുനരാരംഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂൾ മസ്കത്തിൽ കഴിഞ്ഞദിവസം ക്ലാസുകൾ ആരംഭിച്ചു.
ഇന്ത്യക്കാരായ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ വർഷം ഇന്ത്യൻ സ്കൂൾ മസ്കത്തിൽ വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടില്ല . ഇന്ത്യൻ സ്കൂൾ സീബിൽ ഞായറാഴ്ച മുതൽ ക്ലാസുകൾ തുടങ്ങിയിരുന്നു. ഇന്ത്യൻ സ്കൂൾ ദാർസൈത്ത് ചൊവ്വാഴ്ചയും ഇന്ത്യൻ സ്കൂൾ ഗൂബ്ര ആഗസ്റ്റ് നാലിനും തുറന്ന് പ്രവർത്തിക്കും. മറ്റു ഇന്ത്യൻ സ്കൂളുകളും അടുത്ത ആഴ്ചയോടു കൂടി പൂർണമായി പ്രവർത്തിക്കാൻ തുടങ്ങും.
അതേസമയം, വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നെങ്കിലും കനത്ത ചൂടാണ് പലയിടത്തും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കഴിഞ്ഞദിവസം അനുഭവപ്പെട്ട ചൂട്. കനത്ത ചൂട് വിദ്യാർഥികളെ ബാധിക്കുന്നതിനെക്കുറിച്ച് ആശങ്കയിലാണ് രക്ഷിതാക്കൾ. അടുത്ത മാസത്തോടെ ചുട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാധാരണ ജൂൺ രണ്ടാം വാരം മുതൽ അവധിക്കായി അടക്കുന്ന പല സ്കൂളുകളും കനത്ത ചൂടുമൂലം മേയ് അവസാനത്തോടു കൂടി തന്നെ അടച്ചു തുടങ്ങിയിരുന്നു. ജൂലൈ അവസാനം സ്കൂളുകൾ തുറക്കുന്ന സമയത്തു ചൂടിന് ശമനം ആകാറുണ്ടെങ്കിലും ഇത്തവണ നാല്പതു ഡിഗ്രിക്ക് മുകളിൽ തന്നെയാണ് താപനില തുടരുന്നത്.
സ്കൂളുകൾ തുറന്നതോടെ നാട്ടിൽ പോയ കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തിത്തുടങ്ങി. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലും നഗരങ്ങളിലും സൂഖുകളിലും തിരക്കും വർധിച്ചു.
ഇത് വ്യാപാര മേഖലക്ക് ഉണർവ് നൽകിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന്റെ ഭാഗാമയി വ്യപാരസ്ഥാപനങ്ങളിൽ ബാക് ടു സ്കൂൾ ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടക്കം എല്ലാം ഓഫറിൽ എത്തിയിട്ടുണ്ട്.
ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇപ്പോൾ പഠനോപകരങ്ങളുടെ വിൽപനയും പൊടി പൊടിക്കുന്നുണ്ട്. ക്ലാസ് കയറ്റം നേരത്തേ നടന്നിട്ടുണ്ടെങ്കിലും പൂർണ രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നത് ഇനിയുള്ള ദിവസങ്ങളിലായിരിക്കും. ഇതുമുന്നിൽ കണ്ടാണ് വ്യാപാര സ്ഥാപനങ്ങൾ പഠനോപകരണങ്ങൾക്കും മറ്റും ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.