സഹകരണം വിപുലപ്പെടുത്തി അൽജീരിയൻ പ്രസിഡന്റ് മടങ്ങി
text_fieldsമസ്കത്ത്: വിവിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിച്ചും ബന്ധങ്ങൾ വിപുലപ്പെടുത്തിയും മൂന്നു ദിവത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി അൽജീരിയൻ പ്രസിഡന്റ് അബ്ദുൽ മദ്ജിദ് തെബൂൺ ഒമാനിൽനിന്ന് മടങ്ങി. സന്ദർശനത്തിന്റെ ഭാഗമായി ഒമാനും അൽജീരിയയും എട്ട് ധാരണപത്രങ്ങളിലും ഒപ്പുവെച്ചു.
പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പരിസ്ഥിതി, സുസ്ഥിര വികസനം, സാമ്പത്തിക സേവനങ്ങൾ, തൊഴിൽ, പരിശീലനം, മാധ്യമം എന്നീ മേഖലകളിൽ നിക്ഷേപവും സഹകരണവും വർധിപ്പിക്കാനുമാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
പുനരുപയോഗ ഊർജം, പെട്രോകെമിക്കൽസ്, മരുഭൂമിയിലെ കൃഷി, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തവും പദ്ധതികളും സ്ഥാപിക്കുന്നതിനായി സംയുക്ത ഒമാനി-അൾജീരിയൻ നിക്ഷേപ ഫണ്ട് സ്ഥാപിക്കാനും ധാരണയായി.
ഫലസ്തീൻ, ലബനാൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിലെ ഇസ്രായേൽ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അനധികൃത അധിനിവേശം അവസാനിപ്പിച്ച് കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ സഹോദരങ്ങളുടെ അവകാശവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ അബ്ദുൽ മദ്ജിദ് തെബൂൺ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മസ്കത്ത് ഗവർണർ (ഹെഡ് ഓഫ് ദി മിഷൻ ഓഫ് ഓണർ) സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, അൽജീരിയയിലെ ഒമാൻ അംബാസഡർ സെയ്ഫ് ബിൻ നാസിർ അൽ ബദായ് എന്നിർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.