അലി അൽ ഹബ്സി ക്ലബ് ഫുട്ബാളിൽനിന്ന് വിരമിച്ചു
text_fieldsമസ്കത്ത്: ഒമാനി ഇതിഹാസ ഫുട്ബാൾ താരം അലി അൽ ഹബ്സി ക്ലബ് ഫുട്ബാളിൽനിന്നു വിരമിച്ചു. മികച്ച ഗോൾകീപ്പറായ ഇദ്ദേഹം ദേശീയ ടീമിെൻറ മുൻ ക്യാപ്റ്റനായിരുന്നു. ദേശീയടീമിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ വിരമിച്ചിരുന്നു.ട്വിറ്ററിലൂടെയാണ് ഇദ്ദേഹം ക്ലബ് ഫുട്ബാളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഫുട്ബാൾ താരം എന്ന നിലയിലുള്ള കരിയർ പൂർണമായി അവസാനിപ്പിക്കുകയാണെന്ന് അലി അൽ ഹബ്സി ട്വിറ്ററിൽ അറിയിച്ചു. വർഷങ്ങളോളം നിരവധി ക്ലബുകളെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്.
കരിയറിൽ ഉടനീളം തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മറ്റ് മേഖലകളിൽനിന്ന് രാജ്യത്തെ സേവിക്കാനാണ് താൽപര്യപ്പെടുന്നതെന്നും അലി ഹബ്സി വിരമിക്കൽ സന്ദേശത്തിൽ പറയുന്നു. 2018ൽ സ്ഥാപിച്ച അൽ ഹബ്സി അക്കാദമി ഫോർ ഫുട്ബാളിൽ കൂടുതൽ സജീവമാകാനാണ് 38കാരനായ താരം ഒരുങ്ങുന്നത്. ഒമാൻ കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ താരമായാണ് അലി ഹബ്സിയെ കണക്കാക്കുന്നത്.
2004ൽ ചൈനയിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിലാണ് ദേശീയ ടീമിനായി ആദ്യം ജഴ്സിയണിയുന്നത്. 2006ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിലെ നാല് മത്സരങ്ങളിലും കളിച്ചു. 2007ലെ എ.എഫ്.സി ഏഷ്യ കപ്പ് ഫുട്ബാളിൽ ദേശീയ ടീമിെൻറ ഒന്നാം നമ്പർ ഗോളിയായിരുന്നു ഇദ്ദേഹം. മൂന്ന് ഗ്രൂപ് മത്സരങ്ങളിലും ഇദ്ദേഹം കളിച്ചു. തുടർച്ചയായ നാല് അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങളിൽ ഒമാെൻറ പ്രധാന ഗോൾ കീപ്പറായിരുന്നു അലി ഹബ്സി. അൽ മുദൈബി, അൽ നസ്ർ, ലിൻ ഒാസ്ലോ, ബോൾട്ടൺ വാൻഡറേഴ്സ്, വിഗാൻ അത്ലറ്റിക്, ബ്രൈറ്റൻ, ഹോവ് ആൽബിയോൺ, റീഡിങ്, അൽ ഹിലാൽ, വെസ്റ്റ് ബ്രോമിച്ച് ആൽബിയോൺ എന്നീ ക്ലബുകൾക്ക് വേണ്ടിയും ഇദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.