അമൽജിത്തിന് ഇത് വ്രതശുദ്ധിയുടെ എട്ടാമത്തെ റമദാൻ
text_fieldsമസ്കത്ത്: അമൽജിത്തിന് ഇത് വ്രതമാസം. റൂവി ഹമരിയയിലെ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഫാർമസിസ്റ്റും റിസപ്ഷനിസ്റ്റുമായ കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടച്ചാലിൽ സ്വദേശിയായ അമൽജിത്ത് കഴിഞ്ഞ എട്ടുവർഷമായി നോെമ്പടുത്തുവരുന്നു. ആയുർവേദ തെറപ്പിസ്റ്റായാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. കഴിഞ്ഞ എട്ടു റമദാൻ കാലത്തും ഒരു നോമ്പുപോലും ഉപേക്ഷിച്ചിട്ടില്ലെന്ന സന്തോഷവും ഇദ്ദേഹം പങ്കുവെക്കുന്നു. പകലുകളിൽ അന്നപാനീയം ഉപേക്ഷിച്ച് മറ്റേതൊരു നോമ്പുകാരനെയുംപോലെ തന്നെയാണ് ഇദ്ദേഹത്തിെൻറയും രീതി. നാട്ടിലുള്ളപ്പോൾ വ്രതമെടുത്ത് മണ്ഡലകാലം ശബരിമലക്കു പോകുന്ന പതിവും അമൽജിത്തിനുണ്ട്. 16 തവണ മലക്കുപോയിട്ടുണ്ട്.
നോമ്പ് അനുഷ്ഠിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതിയാണ് വീണ്ടും നോമ്പെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അമൽജിത്ത് പറയുന്നു. അന്നപാനീയങ്ങൾ വെടിഞ്ഞുള്ള വ്രതത്തിന് ആയുർവേദ ചികത്സാരീതിപ്രകാരം ശരീരസന്തുലിതത്തിന് മഹനീയ സ്ഥാനമുണ്ടെന്നും ഇദ്ദേഹം പറയുന്നു. അത്താഴത്തിനു കാര്യമായി ഭക്ഷണമൊന്നും കഴിക്കാറില്ല. ഒന്നര ലിറ്റർ വെള്ളം കുടിക്കും. മഗ്രിബിന് കൂട്ടമായി ഇരുന്നു നോമ്പുതുറ ഇതാണ് പതിവ്. നോമ്പ് പിടിച്ചതുകൊണ്ട് ജോലി ചെയ്യുന്നതിനോ മറ്റുള്ള കാര്യങ്ങൾക്കോ ഒരു തടസ്സവും വരുന്നില്ല. ദൈവം തന്ന ടാസ്ക്കാണ് നോമ്പ്. അതിലൂടെ അതിജീവനത്തിെൻറ പാഠമാണ് മാനവരാശിയെ പഠിപ്പിക്കുന്നതെന്നും അമൽജിത്ത് പറയുന്നു. കൂടെയുള്ളവർ 30 നോമ്പും അനുഷ്ഠിക്കില്ലെങ്കിലും അഞ്ചുമുതൽ പത്തുവരെ എടുക്കാറുണ്ട്. റൂമിൽ ഒരു നോമ്പുതുറ എല്ലാവർഷവും ഒരുക്കാറുണ്ട്.
അന്നേ ദിവസം എല്ലാവരും വ്രതം അനുഷ്ഠിക്കുമെന്ന് അമൽജിത്തിെൻറ കൂടെ ജോലിചെയ്യുന്ന പ്രജീഷ് പറയുന്നു. അമൽജിത്തിെൻറ നോെമ്പടുക്കലിന് അമ്മ ഗീതയും ഭാര്യ ശ്രീലക്ഷ്മിയും നല്ല പിന്തുണയാണ് നൽകുന്നത്. അലേഖ്, അക്ഷജ് എന്നിവർ മക്കളാണ്. പട്ടിണി കിടന്ന് ശരീര അസുഖം വരുത്തേണ്ട എന്നാണ് അച്ഛൻ ശ്രീധരൻ നായർ പറയാറുള്ളതെന്ന് അമൽജിത്ത് പറയുന്നു. കോവിഡ്കാലത്ത് ആയുർവേദ മരുന്ന് ഉപയോഗിക്കുന്നവർക്ക് മരുന്നെത്തിച്ചുകൊടുക്കലടക്കം ജോലിത്തിരക്കുകളുമുണ്ട്. മണ്ഡലവ്രതവും റമദാൻ വ്രതവും ഒരിക്കലും പാഴായിപ്പോകില്ല. അതിൽ നിന്നൊക്കെ ലഭിക്കുന്ന ഊർജമാണ് മുന്നോട്ടുള്ള പ്രയാണത്തിന് ആധാരമെന്നും അമൽജിത്ത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.