ഗസ്സയിൽ ആംബുലൻസുകൾക്കും നേരെ ആക്രമണം; യുദ്ധക്കുറ്റങ്ങളുടെ തുടർച്ചയായ ലംഘനം-ഒമാൻ
text_fieldsമസ്കത്ത്: ഗസ്സ മുനമ്പിലെ ആശുപത്രികൾക്കും ആംബുലൻസ് വാഹനവ്യൂഹങ്ങൾക്കും നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇത് യുദ്ധക്കുറ്റങ്ങളുടെയും വംശഹത്യയുടെയും തുടർച്ചയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും കൺവെൻഷനുകളുടെയും നഗ്നമായ ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം അറിയിച്ച ഒമാൻ, ന്യായമായ അവകാശങ്ങൾക്കായി ഇസ്രായേൽ അധിനിവേശത്തെ നേരിടുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വീണ്ടും ആവർത്തിച്ച് പറയുകയും ചെയ്തു.
ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന്റെ അധികാരം ഉയർത്തിപ്പിടിക്കാനും നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഗസ്സയിൽ ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം വൈകീട്ട് 4.05ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.
റഫ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലൻസുകളടങ്ങിയ കോൺവോയ്ക്കു നേരെയായിരുന്നു ആക്രമണം. ഇതിൽ നാല് ആംബുലൻസുകൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്. അതേസമയം, ഗസ്സയിൽ മരണസംഖ്യ 9000ന് മുകളിൽ ആയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 3,826 കുട്ടികളും 2,405 സ്ത്രീകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.