അമീറാത്ത്-ബൗഷർ റോഡ് തുറന്നു; യാത്ര ഇനി കൂടുതൽ സുഗമമാകും
text_fieldsമസ്കത്ത്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന അമീറാത്ത് ബൗഷർ റോഡ് യാത്രക്കാർക്കു തുറന്നുകൊടുത്തു. ബുധനാഴ്ച കാലത്ത് അഞ്ചു മണി മുതലാണ് റോഡ് പൂർണമായി തുറന്നു കൊടുത്തത്.
സുരക്ഷാ പ്രശ്നങ്ങൾ കാരണം മാസങ്ങളായി റോഡ് അടച്ചിടുകയായിരുന്നു. മഴയടക്കമുള്ള കാരണങ്ങളാൽ റോഡിൽ അപകടം പതിയിരിക്കാൻ തുടങ്ങിയതോടെയാണ് റോഡ് അറ്റകുറ്റപ്പണിക്കായി മസ്കത്ത് മുനിസിപ്പാലിറ്റി അടച്ചിട്ടത്.
ഇതേത്തുടർന്ന് ആദ്യ ഘട്ടത്തിൽ വൻ ഗതാഗതക്കുരുക്കാണ് മസ്കത്ത് മേഖലയിൽ അനുഭവപ്പെട്ടത്. ബൗഷർ -അമീറാത്ത് റോഡിൽ പോവേണ്ട വാഹനങ്ങൾ മുഴുവൻ വാദീ അദൈ വഴി പോവാൻ തുടങ്ങിയത് മസ്കത്തിൽ വൻ ഗതാഗതക്കുരുക്കിനിടയാക്കുകയായിരുന്നു. ഈ റോഡിൽ അനുഭവപ്പെടുന്ന തിരക്ക് മറ്റു റോഡുകളിലും സർവിസ് റോഡുകളിലും വ്യാപിക്കുകയും ചെയ്തു. പ്രത്യേകിച്ചും രാവിലെയാണ് ഈ ഗതാഗതക്കുരുക്ക് വൻ പ്രശ്നമായത്.
ഓഫിസുകളിലും ജോലി സ്ഥലത്തും വൈകിയെത്തുന്നതിനും മറ്റും ഇതു കാരണമാക്കിയിരുന്നു. ഇതിനിടെ വാഹനാപകടങ്ങളും നിത്യസംഭവമായതോടെ റൂവി മുതൽ ബൗഷർ വരെയുള്ള യത്ര ദുഷ്കരവുമായി. ഇതോടെ ഒരുഭാഗത്തേക്കുള്ള റോഡ് ആദ്യം തുറന്നു നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തോടെ പാത പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
അമീറാത്ത്-ബൗഷർ റോഡപകടം പതിയിരിക്കുന്നതായിരുന്നു. ബൗഷറിൽനിന്ന് അമീറാത്തിലേക്ക് എളുപ്പം എത്തിപ്പെടാൻ കഴിയുമെങ്കിലും ചെങ്കുത്തായ ചുരംറോഡ പകടം നിറഞ്ഞതാണ്. മഴകാരണവും മറ്റും റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴാനുള സാധ്യത ഏറെ കൂടുതലായിരുന്നു. അതിനാൽ മഴ പെയ്യുമ്പോൾ നിരവധി തവണ റോഡ് അടച്ചിടുകയും ചെയ്തിരുന്നു.
നിരവധി തവണ റോഡിൽ മണ്ണു കല്ലും ഇടിഞ്ഞ് വീണ് വാഹനങ്ങൾ പെട്ട്പോവുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഇവിടെ വാഹനാപകടങ്ങളും നടന്നിട്ടുണ്ട്. കാറും ട്രക്കും കുട്ടിയിടിച്ച് ഒരാൾ മരിച്ചതും അമീറാത്തിൽ നിന്നു ബൗഷറിലേക്ക് പോവുകയായിരുന്ന വാട്ടർ ടാങ്കർലോറി കാറിലിടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാൾ മരിക്കാനിടയായതും ഇതിൽ ചിലതാണ്. ഒരു ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട് എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.അല്ലാതെ നിരവധി ചെറിയ അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
അറ്റകുറ്റപ്പണി കഴിഞ്ഞ് റോഡ് വീണ്ടും തുറന്നതോടെ ഇത്തരം അപകടം ഒഴിവാകും. മറ്റു റോഡപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അമീറാത്ത്-ബൗഷർ റോഡ് അമിറാത്ത് ഭാഗത്ത് വൻ വളർച്ചക്ക് കാരണമാക്കിയിട്ടുണ്ട്. റോഡ് നിലവിൽ വന്നതോടെ അമിറാത്തിലേക്കുള്ള യാത്ര എളുപ്പമാവുകയും നിരവധി പേർ ഇവിടെ താമസം ആരംഭിക്കുകയും ചെയ്തിരുന്നു.
നിരവധി പുതിയ താമസ ഇടങ്ങളും മാളുകളും ഹൈപ്പർമാക്കറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഇവിടെ ഉയർന്നുവന്നിരുന്നു. അനുബന്ധമായി ഹോട്ടലുകളും മറ്റു നിരവധി സ്ഥാപനങ്ങളും ഉയർന്നുവരാനും അമീറാത്ത് നഗരം കൂടുതൽ വികസിക്കാനും വഴിയൊരുക്കിയത് അമീറാത്ത്-ബൗഷർ റോഡാണ്.
അതോടൊപ്പം ഈ റോഡിന്റെ മുകൾഅറ്റത്ത് നിന്ന് താഴ്ഭാഗത്തേക്കുള്ള രാത്രികാല ദൃശ്യങ്ങളും ഏറെ മനോഹരമാണ്. ഇത് ആസ്വദിക്കാനും നിരവധി പേർ ദിവസവും അമീറാത്ത് ബൗഷർ റോഡിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.