അമിറാത്ത്-ബൗഷർ റോഡ് ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം
text_fieldsമസ്കത്ത്: അമിറാത്ത്-ബൗഷർ റോഡ് ഭാഗികമായി തുറന്നതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമായി. അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി അമിറാത്ത്-ബൗഷർ റോഡ് അടച്ചിട്ടിരുന്നു. നാലു മാസത്തേക്കാണ് റോഡ് അടച്ചിട്ടത്.
ഇതോടെ മസ്കത്തിൽനിന്ന് അമിറാത്തിലേക്കും ഇവിടെനിന്ന് റൂവി അടക്കമുള്ള മറ്റു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ വാദീ അദൈ വഴിയാണ് സഞ്ചരിച്ചിരുന്നത്. ഇത് റൂവിയിൽ രാവിലെ അടക്കമുള്ള സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കിയത്. കുരുക്കിനെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് അമിറാത്ത്-ബൗഷർ റോഡ് ഭാഗികമായി തുറന്നുകൊടുക്കാൻ അധികൃതർ തീരുമാനിച്ചത്.
പുലർച്ച അഞ്ചു മുതൽ രാവിലെ ഒമ്പതു വരെയാണ് റോഡ് തുറന്നുകൊടുക്കുക. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇത് നടപ്പിൽ വന്നു. അമിറാത്ത്, ഖുറിയാത്ത്, സൂർ അടക്കമുള്ള മറ്റു ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ അമിറാത്ത്-ബൗഷർ റോഡിലൂടെയാണ് മസ്കത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോവുന്നത്. റോഡ് അടച്ചതോടെ ഈ വാഹനങ്ങൾ എല്ലാം വാദീ അദൈ വഴി പോവേണ്ടിവന്നു.
ഇതോടെ റൂവി മുതൽ അൽ സരൂജ് വരെയുള്ള റോഡുകളിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വാദീ അദൈയിലേക്ക് പോവുന്ന ജങ്ഷനിൽ മാത്രമല്ല, ഇതിലേക്ക് വന്നുചേരുന്ന എല്ലാ റോഡുകളിലും വൻ കുരക്ക് അനുഭവപ്പെട്ടിരുന്നു. രാവിലെ ഏഴു മണിക്കുശേഷമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
ഇതോടെ പലർക്കും മണിക്കൂറുകൾ റോഡിൽ കഴിയേണ്ടിവന്നു. കുരുക്കിൽ കുടുങ്ങി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വൈകിയാണ് ജോലിസ്ഥലങ്ങളിൽ എത്തിയത്. ഗതാഗതക്കുരുക്ക് ഭയന്ന് പലരും ജോലിസ്ഥലത്തേക്ക് നേരത്തേ പുറപ്പെട്ടിരുന്നു. വാദീ അദൈ-അമിറാത്ത് റോഡ് നവീകരിക്കുകയും അമിറാത്ത് ബൗഷർ റോഡ് നിർമിക്കുകയും ചെയ്തതോടെ അമിറാത്ത്, ഖുറിയാത്ത് ഭാഗത്ത് വൻ വളർച്ചയാണുണ്ടായത്.
ഇതോടെ ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഉയർന്നുവന്നു. നിരവധി താമസ കെട്ടിടങ്ങൾ വർധിച്ചതോടെ താമസ വാടക കുറയുകയും ചെയ്തിരുന്നു. ഇതോടെ നിരവധി പേരാണ് അമിറാത്തിലേക്കും ഖുറിയാത്തിലേക്കും താമസം മാറ്റിയത്. മാത്രമല്ല, ഖുറിയാത്ത്-സൂർ റോഡിലൂടെ സഞ്ചരിക്കുന്നവരും ബൗഷർ വഴിയാണ് മസ്കത്തിലേക്കും മറ്റും ഭാഗങ്ങളിലേക്കും പോവുന്നത്.
ഇത്തരം യാത്രക്കാർക്ക് ഖുറിയാത്ത്- ബൗഷർ റോഡ് വലിയ അനുഗ്രഹമായിരുന്നു. എന്നാൽ, അൽ അമിറാത്ത്-ബൗഷർ റോഡിൽ തിരക്ക് വർധിച്ചതോടെ അപകടങ്ങളും ഉയർന്നിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്.
എന്നാൽ, കുരുക്ക് വർധിച്ചതോടെയാണ് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ റോഡ് ഭാഗികമായി തുറന്നത്. രാവിലെ തിരക്ക് വർധിക്കുന്ന സമയങ്ങളിൽ റോഡ് തുറന്നുകൊടുത്തത് വലിയ അനുഗ്രഹമാണെന്ന് ഈ മേഖലയിലെ സ്ഥിരം യാത്രക്കാർ പറയുന്നു. ഇതോടെ ഏറെ സമയം റോഡിൽ തള്ളിനീക്കേണ്ട അവസ്ഥ മാറിയതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.