അമിത് നാരംഗ് ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡർ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ സ്ഥാനമൊഴിയുന്നു. മാലദ്വീപിലെ ഹൈ കമീഷണറായാണ് പുതിയ നിയമനം. അമിത് നാരംഗാണ് പുതിയ അംബാസഡർ. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോ. സെക്രട്ടറിയായാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010 വരെ തായ്പേയിലെ ഇന്ത്യ-തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. ദിവ്യ നാരംഗാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
മൂന്നു വർഷത്തിനു ശേഷമാണ് മുനു മഹാവർ സ്ഥാനമൊഴിയുന്നത്. 2018 ആഗസ്റ്റ് 21നാണ് ഇദ്ദേഹം ഒമാനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നത്. സ്തുത്യർഹമായ സേവനത്തിലൂടെ ഒമാനിൽ മലയാളികളടക്കം ഇന്ത്യക്കാരുടെ മനസ്സിൽ ഇടംപിടിച്ചയാളാണ് മുനുമഹാവർ. കോവിഡ് മഹാമാരിക്കാലത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് സഹായമെത്തിക്കുന്നതിനായി എംബസിയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എംബസിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിന് അംബാസഡർ തന്നെ മുന്നിട്ടിറങ്ങിയത് വേറിട്ട കാഴ്ചയായിരുന്നു. 1996ലാണ് മുനു മഹാവർ ഫോറിൻ സർവിസിൽ ചേരുന്നത്. മോസ്കോ, ജനീവ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.