നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഖദറയുടെ മമ്മൂട്ടിക്ക ഇന്ന് നാടണയും
text_fieldsഅബ്ദുല്ല മഅറൂഫ്
ഖദറ: നാലുപതിറ്റാണ്ടുകാലത്തെ പ്രവാസം ജീവിതം സമ്മാനിച്ച നല്ല ഓർമകളുമായി ഖദറയുടെ സ്വന്തം മമ്മൂട്ടിക്ക നാടണയുന്നു. മലപ്പുറം വേങ്ങര കൂരിയാട് സ്വദേശിയായ ഇദ്ദേഹം 1982ൽ ആണ് ഒമാനിലെ സുവൈഖിൽ എത്തുന്നത്. തുടക്കത്തിൽ ഹോട്ടൽ, റെഡിമെയ്ഡ് കട എന്നിവിടങ്ങളിലായിരുന്നു ജോലിചെയ്തിരുന്നത്. പിന്നീട് സുവൈഖ് ഖദറയിലെ താജ് ഗ്രൂപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. ഒമാനിൽ താൻ എത്തുന്ന സമയത്ത് മെയിൻ റോഡുകൾ മാത്രമായിരുന്നു ടാർ ചെയ്തിട്ടുണ്ടായിരുന്നത്. ഖദറയിൽ തുടക്കത്തിൽ രണ്ടു കടകൾ മാത്രമാണുണ്ടായിരുന്നത്.
പിന്നീട് വികസനത്തിന്റെ വാതിലുകൾ തുറന്നതോടെ ഖദറയടക്കമുള്ള ഒമാന്റെ പ്രദേശങ്ങൾ പെട്ടെന്നുതന്നെ മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖദറക്കാർക്ക് ഏറെ പ്രിയങ്കരനായിരുന്ന മമ്മൂട്ടിക്ക സ്വദേശികളുമായും നല്ല ബന്ധമായിരുന്നു കാത്തു സൂക്ഷിച്ചിരുന്നത്. സ്വന്തമായി വീടുണ്ടാക്കാൻ കഴിഞ്ഞതും പെൺ മക്കളെ കെട്ടിച്ചയക്കാൻ സാധിച്ചതുമാണ് പ്രവാസം നൽകിയ ഏറ്റവും വലിയ സമ്പാദ്യമെന്ന് അദ്ദേഹം പറഞ്ഞു. ശിഷ്ടകാലം നാട്ടിൽ കുടുംബവുമൊത്ത് കഴിയാനാണ് തീരുമാനം.
ആയിഷയാണ് ഭാര്യ. നാല് മക്കളുണ്ട്.തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്ര തിരിക്കുന്ന ഇദ്ദേഹത്തിന് ഖദറ കെ.എം.സിസി കമ്മിറ്റി യാത്രയയപ്പ് നൽകി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുവാറ്റുപുഴ ഉപഹാരം കൈമാറി. ഖദറ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അൻസൽ പുത്തൂക്കാടന്റെ അധ്യക്ഷതവഹിച്ചു. ഫൈസൽ ഫൈസി സംസാരിച്ചു. നിസാർ ഫറോഖ് സ്വാഗതവും ശംസുദ്ധീൻ ആലുവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.