നാലു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമം; ടി.പി. ബഷീർ നാടണയുന്നു
text_fieldsസലാല: സാമൂഹികസേവന മേഖലയിൽ നിറഞ്ഞുനിന്ന തലശ്ശേരി സൈദാർ പള്ളി സ്വദേശി ടി.പി. ബഷീർ 42 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാടണയുന്നു. 35 വർഷമായി അദ്ദേഹത്തോടൊപ്പം സലാലയിലുണ്ടായിരുന്ന സഹധർമിണി സഫീനയും കൂടെയുണ്ട്.
1980ലാണ് ഇദ്ദേഹം സലാലയിലെത്തുന്നത്. ആദ്യ മൂന്നുവർഷം നിർമാണ കമ്പനിയിൽ ആയിരുന്നു. പിന്നീട് അമ്മാവന്റെ ഫുഡ്സ്റ്റഫ് കട ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ കുറെ കാലം. അതിനിടെ, റെഡിമെയ്ഡ് ഷോപ്, പത്രം വിതരണത്തിന്റെ ഫോർമാൻ എന്നീ മേഖലയിലും സേവനം അനുഷ്ഠിച്ചു. ജീവിതത്തിന്റെ നല്ല പങ്കും കഴിഞ്ഞത് ആദ്യകാല പ്രവാസികളുടെ സംഗമ കേന്ദ്രമായ സലാലയിലെ പുരാതന മാർക്കറ്റായ ഹാഫയിലായിരുന്നു.
1998ലാണ് തന്റെ മാതൃസഹോദരീ പുത്രൻ നടത്തുന്ന ഈസ്കോ റേഡിയേറ്റേഴ്സിൽ എത്തുന്നത്. പിന്നീട് ഈ കാലമത്രയും അതിന്റെ ചുമതലക്കാരനായിരുന്നു. ആദ്യകാലത്ത് വെള്ളിയാഴ്ചകളിൽ ടൗണിൽ പോയി ഹോട്ടലിലെ ടിവിയിൽ റസ്ലിങ് കാണലായിരുന്നു പ്രധാന വിനോദം. ഇന്നത് ഓർക്കുമ്പോൾ വളരെ തമാശയായി തോന്നുന്നു. ആശയവിനിമയത്തിന് കത്തുകൾ മാത്രം അവലംബമായിരുന്ന കാലം. പിന്നീട് ബുക്ക് ചെയ്ത് ഫോൺ വിളിച്ചിരുന്ന കാലം, സലാലയുടെ വികസനത്തിന്റെ ഓരോ പടവുകളും ഓർമയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1998 ലാണ് ഐ.എം.ഐയുമായി അടുക്കുന്നത്. ഐ.എം.ഐയുടെ വിവിധ ഉത്തരാവാദിത്തങ്ങൾ നിർവഹിച്ച അദ്ദേഹം ഇപ്പോൾ സനാഇയ്യ യൂനിറ്റ് പ്രസിഡന്റാണ്. തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷന്റെ തുടക്കം മുതൽ എക്സിക്യൂട്ടിവ് അംഗവും പ്രസിഡന്റ് ഉൾപ്പെടെയുള്ള വിവിധ ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയും ചെയ്തു.
ഷിറാസി, അദ്നാൻ, ജിഷാം എന്നിങ്ങനെ മൂന്നു മക്കളാണുള്ളത്. എല്ലാവരും ഒമാനിലെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്നു. സലാലയിലെ ഈ കാലമത്രയും സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു. സ്വദേശികളും വിദേശികളുമുൾപ്പെടെ നല്ല സുഹൃത്തുക്കൾ ലഭിച്ചു എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം. നാട്ടിലെത്തി ശിഷ്ടജീവിതവും സാമൂഹിക പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാനാണ് ആഗ്രഹമെന്നും ടി.പി. ബഷീർ പറഞ്ഞു. ജുലൈ 17ന് സലാം എയറിൽ ഒമാനിൽനിന്ന് മടങ്ങും. മക്കളും കുടുംബങ്ങളും ഇവിടെ ആയതിനാൽ ഇടക്ക് വരാനായേക്കും. വിവിധ കൂട്ടായ്മകൾ ഇദ്ദേഹത്തിനും കുടുംബത്തിനും യാത്രയയപ്പ് നൽകി വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.