ദുരിതങ്ങൾക്ക് അറുതി; തൃശൂർ സ്വദേശികൾ നാടണഞ്ഞു
text_fieldsമസ്കത്ത്: വിസിറ്റ് വിസയിൽ ഒമാനിലെത്തി ദുരിതത്തിലായ തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ ആക്സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെ ഒടുവിൽ നാടണഞ്ഞു. ഒമാനിൽ ജോലി ചെയ്യുന്ന മലയാളിയായ സ്ത്രീക്ക് ഒരുലക്ഷം രൂപ വീതം നൽകിയായിരുന്നു ഇരുവരും ഒമാനിലെത്തുന്നത്.
സ്തീ നാട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു വിസക്കുള്ള തുക കൈമാറിയത്. 40,000 രൂപ പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണവും എല്ലാം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു യുവാക്കളെ ഒമാനിലെത്തിക്കുന്നത്. ഈ സ്ത്രീ പറഞ്ഞ പ്രകാരം നഖലിലെ ഒരു കാർ സർവിസ് സ്റ്റേഷനിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ, ഇവർക്ക് ശമ്പളമായി ലഭിച്ചതാകട്ടെ 80 റിയാൽ മാത്രമായിരുന്നു.
ഇതാകട്ടെ പല ഗഡുക്കളായായിരുന്നു കിട്ടിയത്. ഈ പൈസ ഭക്ഷണം, മറ്റു സ്വന്തം ആവശ്യത്തിനുപോലും തികയാതെ വന്നപ്പോൾ സ്ഥാപന ഉടമയോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം കൈമലർത്തുകയായിരുന്നു. വിവരങ്ങൾ പറയാനായി സ്ത്രീയെ വിളിച്ചപ്പോൾ ഫോണുകൾ എടുക്കാൻപേലും അവർ തയാറായിരുന്നിലെന്ന് യുവാക്കൾ പറഞ്ഞു.
പരാതി പറയാൻ മസ്കത്ത് ഇന്ത്യൻ എംബസിയിൽ വന്ന ഇവർക്ക് കാര്യമായ സഹായമൊന്നും ലഭ്യമാകാത്തതിനെത്തുടർന്ന് എംബസിയുടെ പുറകുവശത്തുള്ള കടൽ തീരത്ത് പട്ടിണിയോടെയായിരുന്നു കിടന്നുറങ്ങിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഒരാൾ ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാനെ അറിയിക്കുകയായിരുന്നു.
ഈ വിഷയം എംബസിയുടെ ഓപൺ ഹൗസിൽ ഉയർത്തിയെങ്കിലും കാര്യമായ പരിഗണനയൊന്നും ഉണ്ടായില്ലെന്ന് ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാന്റെ സ്ഥാപക നേതാവ് ആയ നെജീബ് കെ. മൊയ്തീൻ പറഞ്ഞു. പിന്നീട് ഒമാൻ ലേബർ ഡിപ്പാർട്മെന്റിൽ അവതരിപ്പിച്ചു. തുടർനടപടികൾക്കുശേഷം സ്പോൺസറിൽനിന്ന് ഇരുവരുടെയും പാസ്പോർട്ട് വിട്ടുകിട്ടുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരും നാടണഞ്ഞത്.
അൽ ഫൗസ് ലീഗൽ കോൺസൾട്ടന്റും ഒമാനിലെ സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഹിം, ഒമാനിലെ മറ്റ് സാമൂഹിക പ്രവർത്തകർ ആയ അഷറഫ് വാടാനപ്പിള്ളി, യാസീൻ ഒരുമനയൂർ, അൻവർ സേട്ട് ചേറ്റുവ, ശാഹുൽ ഹമീദ് കരിമ്പനക്കൽ, ഹസ്സൻ കേച്ചേരി, അബ്ദുൽ സമദ് അഴീക്കോട്, അബ്ഷർ, സുബ്രമുണ്യൻ, തൃശ്ശൂർ ജില്ലയിലെസാമൂഹിക പ്രവർത്തകരായ നസീർ ചെന്ത്രാപ്പിന്നിയും എന്നിവരുടെ സഹകരത്തോടെയാണ് യുവാക്കളെ നാട്ടിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.