സൗഹാർദത്തണലില് മത്ര സൂഖിലൊരു ‘ഇഫ്താർ’
text_fieldsമത്ര: സൗഹാർദത്തണലില് സാഹോദര്യം വിളിച്ചോതിയൊരു ‘ഇഫ്താര്‍’. മത്ര സൂഖിലെ ഗുജറാത്തി കച്ചവടക്കാരും സുഹൃത്തുക്കളും ഒരുക്കുന്ന ഈ പ്രതീകാത്മക ‘ഇഫ്താറി’ന് ഐക്യദാര്‍ഢ്യത്തിന്റെ ഈണവും താളവുമുണ്ട്. റമദാന് മാസമായാല്‍ ദിവസവും സന്ധ്യാനേരം മത്ര ഫാര്‍മസി സ്ക്വയറില്‍ ഒത്തുകൂടിയാണ് മത്രയിലുള്ള ഗുജറാത്തി സമൂഹത്തിലുൾപ്പെട്ട വ്യക്തികൾ തീര്‍ത്തും വേറിട്ടൊരു ‘ഇഫ്താര്‍’ സംഘടിപ്പിച്ചു വരാറുള്ളത്. തലമുറകളായി സൂഖിലെ വ്യാപാര വാണിജ്യ രംഗത്തുള്ളവരുടെ പിന്മുറക്കാരാണ് ഇവിടെ ഒത്തുകൂടി ഇഫ്താര്‍ നടത്തുന്നത്.
ഒമാനി സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന് കഴിയുന്ന, ബനിയകളെന്ന വിളിപ്പേരുള്ള ഗുജറാത്തി സമൂഹക്കാരായ ഇവര്‍ ഒമാനിലുള്ള സഹോദര സമുദായ വിഭാഗങ്ങള്‍ വ്രതവിരാമം നടത്തുന്ന അതേ സമയം ഒത്തുകൂടി ഭക്ഷണം ഷെയര്‍ ചെയ്ത് കഴിച്ചാണ് നോമ്പിന്റെ ചിട്ടവട്ടങ്ങളോട് ഐക്യപ്പെടുന്നത്. ഭക്ഷണ ഇനങ്ങളിലും രീതികളിലും ചിട്ടകളുള്ള ഇവര്‍ വീടുകളില്‍ നിന്ന് ചായയും വെജ് പലഹാരങ്ങളും കൊണ്ടുവന്ന് സൂഖിലെ ഫാര്‍മസി ചത്വരത്തിന് അടുത്തുള്ള ഗുജറാത്തി പലചരക്ക് കടക്കുമുന്നില്‍ വെച്ചാണ് സഹോദര്യ ‘നോമ്പുതുറ’ നടത്തുന്നത്.
സൂഖിലെ ആദ്യകാല കച്ചവടക്കാരനായ വിജയ്ഭായിയുടെ നേതൃത്വത്തിലാണ് സംഘാടനം. സൂഖിലുണ്ടായിരുന്ന തന്റെ കച്ചവട സ്ഥാപനം നിര്‍ത്തിപ്പോയിട്ടും പഴയകാല ഓര്‍മകള്‍ക്കൊപ്പം വിജയ് ഭായി ദിവസം മഗ്രിബ് ബാങ്കിനുമുമ്പ് ഇവിടെയെത്തി സംഘത്തിലുള്ള മറ്റുള്ളവരെ വിളിച്ചുവരുത്തി ‘ഇഫ്താര്‍’ നടത്തിവരുകയാണ് ചെയ്യുന്നത്. മത്ര സൂഖിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടവും തൊഴിലുകളുമായി കഴിയുന്നവര്‍ മഗ്രിബ് സമയമാകുമ്പോള്‍ തങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ച് റമദാന് മുഴുവനും ഇതിന്റെ ഭാഗമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.