അഡ്‌ഹോക് കമ്മിറ്റിക്ക് ഏകാധിപത്യ നിലപാട് -ഒ.ഐ.സി.സി മുൻ ഭാരവാഹികൾ
text_fieldsമസ്കത്ത്: ഒമാനിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പിരിച്ചുവിട്ട് രൂപവത്കരിച്ച അഡ്‌ഹോക് കമ്മിറ്റി ഏകാധിപത്യ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഒ.ഐ.സി.സി മുൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കമ്മിറ്റി രൂപവത്കരിച്ചിട്ട് മാസങ്ങളായെങ്കിലും സമ്പൂർണ യോഗം ചേർന്നിട്ടില്ല. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി മാത്രമാണ് പിരിച്ചുവിട്ടത്. എന്നാൽ, സംഘടനക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഭാരവാഹികളെയോ സാധാരണക്കാരായ പ്രവർത്തകരെയോ ഒരുകാര്യത്തിലും പരിഗണിക്കാതെ സമാന്തര പ്രവർത്തനങ്ങൾ നടത്തിയവരെയും പലവട്ടം അകന്നുനിന്നവരെയും ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുകയാണ്.
കഴിഞ്ഞ കമ്മിറ്റിയുടെ കാലത്തുതന്നെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന റീജനൽ കമ്മിറ്റികളാണ് ഇബ്രി, ഇബ്ര, സൂർ, സുഹാർ, നിസ്‌വ തുടങ്ങിയവ. ഇവിടത്തെ ഭാരവാഹികളെയോ പ്രവർത്തകരെയോ അറിയിക്കാതെ പുതിയ കമ്മിറ്റികൾ രൂപവത്കരിച്ചു എന്നുള്ള നാടകങ്ങളാണ് നടക്കുന്നത്. ഗ്ലോബൽ ചെയർമാന്‍റെ ചുമതലകളെ കുറിച്ച് അദ്ദേഹത്തിന് ഇപ്പോഴും വേണ്ടത്ര ബോധമില്ല എന്നുള്ളതാണ് സത്യം. ഗ്ലോബൽ ചെയർമാനായി നിയമിതനായശേഷം ചുമതലയുള്ള ഒരുരാജ്യത്തും അദ്ദേഹത്തിന് സന്ദർശനം നടത്താൻ സാധിച്ചിട്ടില്ല. വ്യാപകമായ എതിർപ്പാണ് ഇതിനു കാരണം. സിദ്ദീഖ് ഹസ്സനെ പോലുള്ളവരെ പൊതുസമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്നും ഒ.ഐ.സി.സി മുൻ ഭാരവാഹികളായ ഹൈദ്രോസ് പതുവന, നസീർ തിരുവത്ര, ഷഹീർ അഞ്ചൽ, അനീഷ് കടവിൽ, ജിജോ കടന്തോട്ട്, ഗോപകുമാർ വേലായുധൻ, മോഹൻകുമാർ അടൂർ, സജി ഏഴനാത്ത്, സതീഷ് പട്ടുവം, റാഫി ചക്കര, മനാഫ് തിരുന്നാവായ, ഹരിലാൽ വൈക്കം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹൈദ്രോസ് പതുവന രാജ്യവെച്ചു
മസ്കത്ത്: ഏകാധ്യപത്യനിലപാടിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി അഡ്‌ഹോക് കമ്മിറ്റിയിൽനിന്ന് രാജ്യവെച്ചതായി ഹൈദ്രോസ് പതുവന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഡ്‌ഹോക് കമ്മിറ്റി കൺവീനറും ഗ്ലോബൽ ചെയർമാനും സംഘടനയിൽനിന്ന് രാജിവെച്ച് പുറത്തുപോയ മുൻ സെക്രട്ടറിയും വ്യക്തിവിരോധം തീർക്കാനാണ് കമ്മിറ്റിയെ ഉപയോഗിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്ന് അദ്ദേഹം പറഞ്ഞു. ഒരുകാര്യത്തിലും കമ്മിറ്റിക്ക് വ്യക്തമായ അഭിപ്രായമോ തീരുമാനമോ ഇല്ല. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി മുൻ അധ്യക്ഷൻ സിദ്ദീഖ് ഹസ്സൻ അടക്കമുള്ളവരെ വാർത്ത സമ്മേളനം നടത്തി വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തിട്ടുള്ള ആളുകളുടെ ചട്ടുകങ്ങളായാണ് ഇപ്പോഴത്തെ അഡ്‌ഹോക് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഇതിനെതിരെ പലവട്ടം അഡ്‌ഹോക് കമ്മിറ്റി ചെയർമാനോട് പരാതി പറഞ്ഞു എങ്കിലും അതിനോടെല്ലാം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.