ഖസാൻ ഇക്കണോമിക് സിറ്റിയിൽ മൃഗതീറ്റ ഉൽപാദന ഫാക്ടറി വരുന്നു
text_fieldsമസ്കത്ത്: മൃഗങ്ങൾക്കും ജലജീവികൾക്കുമുള്ള തീറ്റ ഉൽപാദിപ്പിക്കുന്നതിനുള്ള ഫാക്ടറി ഒമാനി ബയോപ്രൊഡക്ട്സ് കമ്പനി ഖസാൻ ഇക്കണോമിക് സിറ്റിയിൽ നിർമിക്കും. 37 ദശലക്ഷം റിയാൽ ചെലവിൽ മൂന്നു ഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുക. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഫാക്ടറി വരുന്നത്. ഈ വർഷം ജൂണിലാണ് ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നൽകിയത്.
ഒമ്പത് പ്രാദേശിക കമ്പനികൾ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള ടെൻഡറിനായുണ്ടായിരുന്നു. പദ്ധതിയുടെ ഉപകരണങ്ങളും യന്ത്രസാമഗ്രികളും എത്തിത്തുടങ്ങിയിട്ടുണ്ട്. കാർഷിക, ജൈവ ഉൽപന്നങ്ങളിൽനിന്ന് പ്രയോജനം നേടാനും അവയെ പ്രത്യേക മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് ഫാക്ടറി ഒരുക്കുന്നത്.
ഈത്തപ്പഴ കുരു, പൾപ്പ്, ഈത്തപ്പനയോലകൾ എന്നിവ റീസൈക്കിൾ ചെയ്ത് ഉപോൽപന്നങ്ങളാക്കി മാറ്റാനും കമ്പനി ആലോചിക്കുന്നുണ്ട്. ഈത്തപ്പഴ കാർഷിക അവശിഷ്ടങ്ങളിൽനിന്ന് പ്രതിവർഷം 1,00,000 ടൺ ഇതര പുല്ല് ഉൽപാദിപ്പിക്കും. പ്രതിവർഷം 3,00,000 ടൺ കടൽജീവികളുടെ തീറ്റയായ ചെമ്മീൻ, മത്സ്യം എന്നിവ കൂടുകളിൽ വളർത്തുകയും ചെയ്യും. കയറ്റുമതി വിപണിയെ പിന്തുണക്കുന്നതിനൊപ്പം റെഡ് മീറ്റ്, പാലുൽപന്നങ്ങൾ, അക്വാകൾച്ചർ, മറൈൻ അഗ്രികൾച്ചർ എന്നീ മേഖലകളിൽ പുതുതായി സ്ഥാപിതമായ ഭക്ഷ്യസുരക്ഷ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രാദേശികമായി ലഭ്യമായ അസംസ്കൃത വസ്തുക്കളും പദ്ധതിക്കായി ഉപയോഗിക്കും. ഒമാനി ബയോപ്രൊഡക്ട്സ് കമ്പനിയുടെ ആശയങ്ങൾ പ്രയോജനപ്പെടുത്തി ‘ഒമാൻ 2040’ ദർശനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ചട്ടക്കൂടിലാണ് പദ്ധതി വരുന്നതെന്ന് ഒമാനി ബയോ പ്രൊഡക്ട്സ് കമ്പനിയുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഹൈതം ബിൻ ഷഖ്ബൗത്ത് അൽ സാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.