ചെറുകിട സ്ഥാപനങ്ങൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും –വാണിജ്യമന്ത്രി
text_fieldsമസ്കത്ത്: ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കായി പ്രത്യേക പാക്കേജ് അവതരിപ്പിക്കുമെന്ന് വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹനമന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു. ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റി മന്ത്രിസഭ കൗൺസിലുമായി ചേർന്നാണ് പാക്കേജ് അവതരിപ്പിക്കുക. ഭൂരിപക്ഷം വാണിജ്യ പ്രവർത്തനങ്ങൾക്കും നിലവിൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ നിലവിൽ പ്രവർത്തനാനുമതി നൽകിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാവുന്നതാണ്. തിരക്കുള്ള സമയങ്ങളിൽ ഷോപ്പിങ് മാളുകളിൽ പോകാതെ ഒാൺലൈൻ ഷോപ്പിങ് സംവിധാനം ഉപയോഗിക്കണം.
ഒാഫറുകളും ഡിസ്കൗണ്ടുകളും ഉള്ള സ്ഥാപനങ്ങളിൽ കൂട്ടം ചേരരുത്. വാണിജ്യസ്ഥാപനങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന മറ്റു സ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തെ നിയോഗിക്കുന്നതിനുള്ള നിർദേശം മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. മുൻകരുതൽ പാലിക്കുന്നപക്ഷം വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി അവസാനിപ്പിക്കില്ല. പ്രതിസന്ധിയെ മറികടക്കാൻ ഒമാന് സാധിക്കുമെന്നും മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു. ഒമാൻ മുമ്പും അത് തെളിയിച്ചതാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് ചരക്കുനീക്കം തുടരുന്നുണ്ട്. സുപ്രീം കമ്മിറ്റി നിർദേശപ്രകാരം നിലവിലെ സാഹചര്യവും നേരത്തേ കൈക്കൊണ്ട നടപടികളും വിലയിരുത്തിയുള്ള പഠന റിപ്പോർട്ട് സമർപ്പിക്കും. പുതിയ നിർദേശങ്ങളും സ്വകാര്യ മേഖലക്ക് പിന്തുണനൽകാനുള്ള നിർദേശങ്ങളും ഇതിലുണ്ടാകും.
കോവിഡിെൻറ പുതിയ വകഭേദം ബാധിച്ചതെന്ന് കരുതുന്ന 96 കേസുകൾ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ.അമൽ ബിൻത് സൈഫ് അൽ മാനി പറഞ്ഞു.ലബോറട്ടറി റിപ്പോർട്ടുകൾ വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്ത് എല്ലാവർക്കും വാക്സിൻ നൽകാനാണ് പദ്ധതിയെന്നും ഡോ. അമൽ പറഞ്ഞു.
പഴയതിനും പുതിയ വകഭേദത്തിനും പ്രത്യേക പരിശോധനകളില്ല. പരിശോധനക്കു ശേഷമാണ് ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഒമാനിൽ ലഭ്യമായ രണ്ട് വാക്സിനുകളും പുതിയ വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ളതാണ്. പുതിയ വകേഭദം ലോകത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നതായും ഡോ.അമൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.