മയക്കുമരുന്നുവേട്ട ഊർജിതമാക്കി; മൂന്നുപേർ പിടിയിൽ
text_fieldsമസ്കത്ത്: മദ്യ-മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ പ്രവർത്തനങ്ങൾ ഊർജിതമാക്കി അധികൃതർ. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ അനധികൃതമായി കടത്തുകയായിരുന്ന മയക്കുമരുന്നിന്റെ വൻ ശേഖരം കഴിഞ്ഞ ദിവസം പിടികൂടി. സംഭവത്തിൽ മൂന്ന് ഏഷ്യക്കാരാണ് പിടിയിലായത്. ഗവർണറേറ്റ് പൊലീസ് കമാൻഡ് കോസ്റ്റ് ഗാർഡുമായി സഹകരിച്ചാണ് ഓപറേഷൻ നടത്തിയത്. ഹഷീഷ്, ക്രിസ്റ്റൽ, മോർഫിൻ എന്നിവയടക്കം വിവിധ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റും പുകയില ഉൽപന്നങ്ങളും റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു. അൽ ദാഹിറ പൊലീസ് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിലാണ് ഓപറേഷൻ നടന്നത്. വിൽപനക്കായി എത്തിച്ചതാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. ഒരു സംഘം ഏഷ്യൻ വംശജരാണ് സംഭവത്തിൽ പിടിയിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാർഗോ ട്രക്കിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 24,000 കുപ്പി മദ്യം പിടിച്ചെടുത്തിരുന്നു.
ഒമാനി കസ്റ്റംസ് ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച ആസൂത്രിതമായ ഓപറേഷനിലൂടെ കള്ളക്കടത്ത് തടഞ്ഞത്. അതിനിടെ, തെക്കൻ അൽശർഖിയ ഗവർണറേറ്റ് പരിധിയിൽ കഞ്ചാവും മയക്കുമരുന്ന് ഉൽപന്നങ്ങളും കടത്തിയ സംഭവത്തിൽ രണ്ടു ഏഷ്യൻ വംശജരെ പൊലീസ് പിടികൂടി. പൊലീസ് കമാൻഡും കോസ്റ്റ് ഗാർഡ് പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. മദ്യ-മയക്കുമരുന്ന് കടത്ത് തടയാൻ ഒമാനിലെ വിവിധ കുറ്റാന്വേഷണ ഏജൻസികൾ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. ദിവസങ്ങൾക്കുമുമ്പ് മസ്യൂന തുറമുഖത്ത് 16 കി.ഗ്രാം മയക്കുമരുന്ന് ഉൽപന്നം പിടിച്ചെടുത്തിരുന്നു. ലഗേജിൽ ഒളിപ്പിച്ചുകടത്തവെയാണ് ഒരാൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.