പ്രിൻസിപ്പൽ നിയമനം, അധ്യാപക ഒഴിവ് നികത്തൽ; ഇന്ത്യൻ സ്കൂൾ മസ്കത്ത് അധികൃതർക്ക് രക്ഷിതാക്കൾ പരാതി നൽകി
text_fieldsമസ്കത്ത്: പ്രിൻസിപ്പലിനെ നിയമിക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ സ്കൂൾ മസ്കത്ത് അധികൃതർക്ക് ഒരുകൂട്ടം രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകി. ഒമാനിലെ ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളായ ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ പ്രിൻസിപ്പൽ അടുത്തിടെ രാജിവെച്ചിരുന്നു. എന്നാൽ, ഇതുവരെയും പുതിയ പ്രിൻസിപ്പലിനെ നിയമിക്കാൻ അധികൃതർ തയാറായിട്ടില്ല.
ഇതുകാരണം സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെ പല അക്കാദമിക് പ്രവർത്തനങ്ങളും നിശ്ചലാവസ്ഥയിലാണെന്നും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂളിൽ നിരവധി അധ്യാപകരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും നിയമനങ്ങൾ നടത്താത്തതിനാൽ പല വിഷയങ്ങൾക്കും വേണ്ടത്ര അധ്യാപകരില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്.
മാസങ്ങൾക്കുള്ളിൽ വാർഷിക പരീക്ഷകൾ ആരംഭിക്കാൻ പോവുകയാണ്. അധ്യാപനം കാര്യക്ഷമമായി നടക്കേണ്ട നിർണായക സമയത്ത് പ്രിൻസിപ്പലോ വേണ്ടത്ര അധ്യാപകരോ ഇല്ലാത്ത അത്യന്തം ഗുരുതരമായ അവസ്ഥ സ്കൂളിൽ നിലനിൽക്കുന്നുവെന്നും തങ്ങളുടെ കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു.
പരാതി നൽകുന്നതിന് മുന്നോടിയായി നടന്ന ഒപ്പു ശേഖരണത്തിൽ നിരവധി രക്ഷിതാക്കൾ പങ്കാളികളായി. ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് ടെൻഡർ നടപടിക്രമങ്ങളിലെ സുതാര്യത സംബന്ധിച്ചുണ്ടായ ഗൗരവതരമായ ആക്ഷേപങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ രക്ഷിതാക്കൾ സ്കൂൾ ഡയറക്ടർ ബോർഡിന് പരാതി നൽകിയിരുന്നു. എന്നാൽ, പ്രസ്തുത പരാതിയിന്മേൽ അന്വേഷണം നടന്നതായോ മേൽനടപടികൾ സ്വീകരിച്ചതായോ സ്കൂൾ ഡയറക്ടർ ബോർഡിന്റെ ഭാഗത്തുനിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിലുള്ള അക്കാദമിക് സബ് കമ്മിറ്റി നടപ്പിൽ വരുത്തിയ കേന്ദ്രീകൃത ബുക്ക് പർച്ചേസിങ് സമ്പ്രദായവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങളും പരാതികളും നിലനിൽക്കുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ചില അധ്യാപകർ നടത്തുന്ന അനിയന്ത്രിതമായ സ്വകാര്യ ട്യൂഷൻ സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
പരാതിയോടൊപ്പം നിരവധി രക്ഷിതാക്കൾ ഒപ്പിട്ട ഭീമഹരജി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് ഡയറക്ടർ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യത്തിന് കൈമാറി.
രക്ഷിതാക്കളുടെ പരാതിയെ അത്യന്തം ഗൗരവത്തോടെ കാണുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ അതിവേഗം എടുക്കുമെന്നും ചെയർമാൻ ഉറപ്പുനൽകിയതായി രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കെ.വി. വിജയൻ, സുഗതൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.