ആപ്രിക്കോട്ട് പൂത്തു; വകാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsമസ്കത്ത്: വസന്തകാലത്തിന്‍റെ വരവറിയിച്ച് വാകൻ ഗ്രാമത്തിലെ ആപ്രിക്കോട്ട് മരങ്ങൾ പൂത്തു. വാദി മിസ്റ്റലിൽ സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ വേനൽക്കാലത്തും ശൈത്യകാലത്തും മിതമായ താപനിലയാണ്. അതുകൊണ്ടുതന്നെ ആപ്രിക്കോട്ട്, മുന്തിരി, മാതളനാരങ്ങ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ വിളകൾ നട്ടുപിടിപ്പിക്കാൻ ഈ ഗ്രാമം അനുയോജ്യമാണ്. ആപ്രിക്കോട്ട് മരങ്ങൾ പൂത്തത്തോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ദിനേന എത്തുന്നത്. മാർച്ച് പകുതിയോടെയാണ് ആപ്രിക്കോട്ട് സീസണിന് തുടക്കമാകുന്നത്.
ഏപ്രിൽ പകുതിയോടെ വിളവെടുക്കുകയും ചെയ്യും. തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ സൂഖിലും സമീപത്തെ മറ്റു മാർക്കറ്റുകളിലുമാണ് കർഷകർ ആപ്രിക്കോട്ട് വിൽപനക്കായെത്തിക്കുന്നത്.
ദാഖിലിയ ഗവർണറേറ്റിന്‍റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്‍റെ ഭാഗമാണ് വകാൻ. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീ ഗ്രാമങ്ങളാണ് വാദി മിസ്റ്റലിൽ ഉൾപ്പെടുന്നത്. പച്ചയിൽ പുതഞ്ഞിരിക്കുന്ന പ്രദേശങ്ങൾ സഞ്ചാരികളുടെ മനം കവരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.