അറബ് കപ്പ്: ആരവമുയർത്താൻ ഒ.സി.ഇ.സിയിൽ ഫാൻസ് സ്ക്വയർ
text_fieldsമസ്കത്ത്: ഇറാഖിലെ ബസറയിൽ നടക്കുന്ന അറബ് ഗൾഫ് കപ്പിന്റെ ആരവം ജനങ്ങളിലേക്കെത്തിക്കാൻ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) ഫുട്ബാൾ ഫാൻസ് സ്ക്വയർ ഒരുക്കി.
ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയുടെ (ഒമ്രാൻ) നേതൃത്വത്തിലാണ് ഫാൻസ് സ്ക്വയർ സ്ഥാപിച്ചത്. ജനുവരി ആറു മുതൽ 19 വരെയാണ് ഗൾഫ് കപ്പ് അരങ്ങേറുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇറാഖുമായാണ് ഒമാന്റെ അങ്കം. ഒമാൻ സമയം വൈകീട്ട് 7.45ന് ബസറ സ്റ്റേഡിയത്തിലാണ് കളി. ഫുട്ബാൾ പ്രേമികൾക്കും അവരുടെ കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഫാൻസ് സ്ക്വയറിൽ അരങ്ങേറും.
1300 ആരാധകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇവിടെ കൂറ്റൻ സ്ക്രീനിൽ ഗൾഫ് കപ്പ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ലോകകപ്പ് സമയത്ത് ഒ.സി.ഇ.സിയിൽ ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവൽ ഒരുക്കിയിരുന്നു.
ദിനേന ആയിരക്കണക്കിനാളുകളായിരുന്നു ഇവിടെ എത്തിയിരുന്നത്. ഇതിൽനിന്ന് ആവേശം ഉൾക്കൊണ്ടാണ് സംഘാടകർ അറബ് കപ്പിനോടനുബന്ധിച്ചും ഫാൻസ് സ്ക്വയർ ഒരുക്കിയിട്ടുള്ളത്.
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഫാൻസ് ഫെസ്റ്റിവലിനെത്തിയത് 92,000 ആരാധകരായിരുന്നു. ലോകകപ്പിനോടനുബന്ധിച്ച് സുൽത്താനേറ്റിൽ ഒരുക്കിയ പരിപാടികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫുട്ബാൾ ഫാൻ ഫെസ്റ്റിവൽ. ലോക ഫുട്ബാൾ മാമാങ്കത്തിന്റെ അന്തരീക്ഷം രാജ്യത്ത് ഒരുക്കാൻ ഇതിലൂടെ കഴിഞ്ഞു.
മേഖലയിൽ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബാൾ മാമാങ്കത്തെ ആവേശം ചോരാതെ ആസ്വാദകരിലേക്ക് എത്തിക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് ഫാൻസ് സോണുകൾ ഒരുക്കിയിരുന്നത്. ബിഗ് സ്ക്രീനിൽ മത്സരം പ്രദർശിപ്പിക്കുന്നതിന് പുറമെ കുടുംബങ്ങളെ ആകർഷിക്കുന്നതിനായി വിവിധങ്ങളായ വിനോദ പരിപാടികളും നഗരിയിൽ സജ്ജീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.