അറബ് കപ്പ് അണ്ടർ 20: ഒമാന് ജയം
text_fieldsമസ്കത്ത്: അറബ് കപ്പ് അണ്ടർ 20 ടൂർണമെന്‍റ് ഗ്രൂപ് ഡിയിലെ അവസാന മത്സരത്തിൽ ഒമാന് തകർപ്പൻ വിജയം.
സൗദി അറേബ്യയിലെ അബഹ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് സോമാലിയയെയാണ് തകർത്തത്. ഇതോടെ വിലപ്പെട്ട മൂന്നു പോയന്‍റും സ്വന്തമാക്കി. 22ാം മിനിറ്റിൽ സുൽത്താൻ മർസൂഖിയും 92ാം മിനിറ്റിൽ അലീ ബലുഷിയുമാണ് ഒമാന് വേണ്ടി വല കുലുക്കിയത്.
വിജയം അനിവാര്യമായ മത്സരത്തിൽ ആക്രമിച്ചു കളിക്കുക എന്ന രീതിയാണ് ഒമാൻ സ്വീകരിച്ചത്. ഇരു വിങ്ങുകളിൽനിന്നും ഒരുപോലെ ആക്രമണം ശക്തമാക്കിയതോടെ പലപ്പോഴും സോമാലിയൻ ഗോൾമുഖം വിറച്ചു. എന്നാൽ, ആദ്യ ഗോളിന് ശേഷം അൽപം പ്രതിരോധത്തിലേക്ക് നീങ്ങിയ ഒമാനെതിരെ ശക്തമായ കളിയാണ് സോമാലിയ കെട്ടഴിച്ചത്. സുൽത്താനേറ്റിന്‍റെ ഗോളിയുടെ മികവിലായിരുന്നു പല ഗോളുകളും അകന്നുപോയത്.
രണ്ടാംപകുതിയിൽ തിരിച്ചടിക്കാനിറങ്ങിയ സോമാലിയയുടെ മുന്നേറ്റത്തെ മികച്ച പ്രതിരോധം ഒരുക്കി ഒമാൻ തടയിട്ടു. ഫിനിഷിങ്ങിലെ പാളിച്ചയും സോമാലിയക്ക് തിരിച്ചടിയായി. ടൂർണമെന്‍റിലെ ആദ്യമത്സരത്തിൽ ഒമാൻ ഒരു ഗോളിന് ഈജിപ്തിനോട് പരാജയപ്പെട്ടിരുന്നു. ടൂർണമെന്‍റിലെ മറ്റുള്ള ടീമുകളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഒമാന്‍റെ മുന്നോട്ടുള്ള പോക്ക്. 18 ടീമുകൾ ആറ് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്.
ഗ്രൂപ് ചാമ്പ്യൻമാരായി ആറും രണ്ടാംസ്ഥാനത്തെത്തിയ ടീമുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ടുമുൾപ്പെടെ ആകെ എട്ട് ടീമാണ് ക്വാർട്ടറിൽ പ്രവേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.