അറബ് ഗെയിംസിൽ മിന്നിത്തിളങ്ങി ഒമാൻ താരങ്ങൾ
text_fieldsമസ്കത്ത്: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിൽ മിന്നിത്തിളങ്ങി ഒമാൻ താരങ്ങൾ. അത്ലറ്റിക്സിൽ രണ്ടു മെഡലുകളാണ് ഒമാൻ സ്വന്തമാക്കിയത്. ഹൈജംപിൽ ഫാത്തിക് ബിൻ അബ്ദുൽ ഗഫൂർ ബെയ്ത്ത് ജബൂബ് സ്വർണം നേടി. ഭിന്നശേഷിക്കാരായ അത്ലറ്റുകളുടെ 100 മീറ്റർ ഓട്ടത്തിൽ ഖുസൈ അൽ റവാഹി വെള്ളി മെഡലും കരസ്ഥമാക്കി.
രാജ്യത്തിനുവേണ്ടി സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജബൂബ് പറഞ്ഞു. മികച്ച എതിരാളികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ഇത് കണക്കിലെടുത്ത് ഈ വിജയത്തിന് വളരെയധികം പരിശ്രമം ആവശ്യമായിരുന്നു. ദൈവാനുഗ്രഹത്താൽ, പ്രശസ്തരായ കായികതാരങ്ങളെ തോൽപിക്കാൻ എനിക്കു കഴിഞ്ഞു. കഠിനമായ പരിശീലനം, പ്രാദേശിക, അന്തർദേശീയ ടൂർണമെന്റുകളിലെ പങ്കാളിത്തം, വിദേശ പരിശീലന ക്യാമ്പുകൾ ഇവയെല്ലാം എന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിലും ഈ നേട്ടം കൈവരിക്കുന്നതിലും നിർണായക പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനായി പരിശീലനം ശക്തമായി തുടരാൻ ഈ വിജയം പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യമായി ദൈവത്തോട് സ്തുതിയർപ്പിക്കുകയാണെന്ന് വെള്ളിമെഡൽ നേടിയ റവാഹി പറഞ്ഞു. തുടർച്ചയായ മാർഗനിർദേശം നൽകിയ ദേശീയ പരിശീലകൻ അബ്ദുല്ല അൽ അൻബാരിയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പുകളുടെയും പരിശീലനത്തിന്റെയും പരിസമാപ്തിയാണ് ഈ വിജയം. അദ്ദേഹത്തിന് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ഭിന്നശേഷി കായികതാരങ്ങൾക്കായി ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള മികച്ച മുന്നൊരുക്കമാണ് ഈ അറബ് ഗെയിംസ്. നിലവിൽ കോച്ചിങ് സ്റ്റാഫ് വികസിപ്പിച്ച പരിശീലന പരിപാടി പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 15 വരെയാണ് അറബ് ഗെയിംസ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.