വെല്ലുവിളികളെ നേരിടാൻ അറബ് രാഷ്ട്രങ്ങൾ ഒന്നിക്കണം -സയ്യിദ് അസദ്
text_fieldsമസ്കത്ത്: സങ്കീർണമായ സുരക്ഷയും ഭൗമരാഷ്ട്രീയ വെല്ലുവിളികളും നേരിടാൻ അറബ് രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക പ്രതിനിധിയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയുമായ സയ്യിദ് അസദ് ബിൻ താരീഖ് അൽ സഈദ്.
ബഹ്റൈനിൽ നടന്ന അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാദേശിക സ്ഥിരതയും സാമ്പത്തിക ശേഷിയും വർധിപ്പിക്കുന്ന ഫലപ്രദമായ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് കൂട്ടായ സഹകരണം ആവശ്യമാണ്. ഫലസ്തീൻ ജനതയുടെ നിലവിലുള്ള ദുരവസ്ഥ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, കൂടുതൽ ശക്തവും ഫലപ്രദവുമായ അറബ് നിലപാടിന് ആഹ്വാനം ചെയ്തു. ഫലസ്തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര അംഗീകാരവും ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
മേഖലയിൽ ശാശ്വത സമാധാനവും സമൃദ്ധിയും കൈവരിക്കുന്നതിന് ഫലസ്തീനികൾക്കായുള്ള നീതി നിർണായകമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാനും ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും സയ്യിദ് അസദ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, നല്ല അയൽപക്ക ബന്ധം വളർത്തുക എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും അസദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.