അറേബ്യൻ ഗൾഫ് കപ്പ്; മനം കവർന്ന് ഒമാൻ മടങ്ങി
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന്റെ കിരീടം ചൂടാനായില്ലെങ്കിലും ഒമാൻ മടങ്ങുന്നത് അഭിമാനത്തോടെ. ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച റെഡ് വാരിയേഴ്സ് ഫൈനലിൽ മാത്രമാണ് പരാജയപ്പെട്ടത്. കലാശക്കളിയുടെ എല്ലാ ആവേശങ്ങളും നിറഞ്ഞ മത്സരത്തിൽ 2-1ന് പേരാടിയാണ് ഒമാൻ കീഴടങ്ങിയത്.
സ്ഥിരതയാർന്ന പ്രകടനവുമായി തിളക്കമാർന്ന കളിയായിരുന്നു കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ ടൂർണമെന്റിൽ ഉടനീളം കാഴ്ചവെച്ചത്. ശക്തരായ ഖത്തറിനെയും സൗദിയേയും തറപ്പറ്റിച്ച് ഫൈനലിലേക്ക് എത്താൻ സാധിച്ചതിനുപിന്നിൽ ഉറച്ച മനസ്സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, ഈ മനസാന്നിധ്യം കലാശക്കളിയുടെ അവസാന മിനിറ്റുകൾ കൈവിട്ടുപോയതാണ് ഇന്നലെ തിരിച്ചടിയായത്.
പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നിട്ടുനിന്ന റെഡ് വാരിയേഴ്സ് ആദ്യമിനിറ്റിൽതന്നെ ലീഡെടുക്കുക എന്ന തന്ത്രവുമായായിരുന്നു സ്വീകരിച്ചിരുന്നത്. വിസിൽ മുഴങ്ങിയതുമുതൽ ബഹ്റൈൻ ഗോൾ മുഖത്തേക്ക് ഇരമ്പിയാർത്തെന്നുന്ന ഒമാനെയായിരുന്നു കണ്ടിരുന്നത്. പതിയെ ആക്രമണം ശക്തമാക്കിയ ഒമാൻ ഏത് നിമിഷവും വലകുലുക്കും എന്ന സ്ഥിതിയിലായി. ഇടക്ക് ബഹ്റൈനിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങളെ ചെറുത്തുതോൽപിക്കുകയും ചെയ്തു.
ബഹ്റൈനിന്റെ പ്രതിരോധത്തിൽനിന്ന് വന്ന പിഴവ് മുതലെടുത്ത് 17ാം മിനിറ്റിലാണ് ഒമാൻ ഗോൾനേടുന്നത്. കോർണറിൽനിന്ന് ലഭിച്ച പന്ത് മാർക്ക് ചെയ്യപ്പെടാതെ കിടന്ന അബ്ദുറഹ്മാൻ അൽ മുശൈഫ്രി ഹെഡിലൂടെ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും പ്രതിരോധത്തിലേക്ക് നിങ്ങാതെ ആക്രമിച്ചുതന്നെയായിരുന്നു കളിച്ചിരുന്നത്. ഏകപക്ഷിയമായ ഒരുഗോളിന് ഇത്തവണ അറേബ്യൻ ഗൾഫ് കപ്പ് ഒമാന്റെ മണ്ണിലേക്ക് എത്തുമെന്ന് കരുതിയിരിക്കെയാണ് പെനാൽറ്റിയിലൂടെ പവിഴദ്വീപുകാർ സമനില പിടിക്കുന്നത്. രണ്ട് മിനിറ്റിനകം സെൽഫ്ഗോളിലൂടെ രണ്ടാം ഗോളും പിറന്നതോടെ ഒമാന്റെ മനസാന്നിധ്യം കൈവിട്ടുപോയി.
കളി അവസാനിക്കാൻ 10 ലേറെ മിനിറ്റോളം ബാക്കിയുണ്ടായിരുന്നതിനാൽ സമനില പിടിക്കുമെന്ന് തന്നെയായിരുന്നു ആരാധകരും കണക്കുകൂട്ടിയിരുന്നത്. ഗ്രൂപ് ഘട്ടത്തിലെല്ലാം ഇങ്ങനെ തിരിച്ചടിച്ച് കയറിവന്നിരുന്ന ടീമിനെയായിരുന്നു കണ്ടിരുന്നത്. എന്നാൽ, പ്രതീക്ഷകളെ എല്ലാം അസ്ഥാനത്താക്കി വിസിൽ മൂഴങ്ങിയപ്പോൾ അന്തിമ ചിരി ബഹ്റൈനിന്റേതാകുകയായിരുന്നു.
ടൂർണമെന്റിലുടനീളം പ്രതിരോധവും മുന്നേറ്റവും മധ്യനിരയും എല്ലാം അവസരത്തിനൊത്തുയർന്നു. ബഹ്റൈനുമായുള്ള മത്സരത്തിൽ മാത്രമാണ് പ്രതിരോധം അൽപ്പം പാളിയത്. പുതുരക്തങ്ങളെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ പ്രാപ്തമാക്കി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.