അറേബ്യൻ ഗൾഫ് കപ്പിലേക്ക് ഇനി ഒരു വിജയദൂരം...
text_fieldsമസ്കത്ത്: ഗൾഫ് രാജ്യങ്ങളുടെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കുന്ന ‘അറേബ്യൻ ഗൾഫ് കപ്പിന്റെ’ ഫൈനലിലേക്ക് ഒമാൻ കുതിച്ചുകയറി. നിലവിലെ ജേതാക്കളും ടൂർണമെന്റിലെ കരുത്തരുമായ ബഹ്റൈനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് സുൽത്താനേറ്റ് ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഇറാഖിലെ ബസ്റ അൽമിന ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 83ാം മിനിറ്റിൽ ജമീൽ അൽ യമാദിയാണ് വിജയഗോൾ നേടിയത്. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഒമാൻ ഇറാഖിനെ നേരിടും. ഒമാൻ സമയം രാത്രി എട്ടുമണിക്കാണ് കളി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഒമാന്റെ അഞ്ചാമത്തെ ഫൈനൽ പ്രവേശനമാണിത്. 2004, 2007, 2009, 2018 വർഷങ്ങളിലാണ് ഇതിനുമുമ്പ് ഫൈനലിൽ എത്തിയത്. ഇതിൽ 2009, 2018 വർഷങ്ങളിൽ ജേതാക്കളാവുകയും ചെയ്തു.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബഹ്റൈനായിരുന്നു ആദ്യ മിനിറ്റുകളിൽ മുന്നേറ്റം നടത്തിയത്. കളി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽതന്നെ രണ്ടു കോർണറുകളാണ് ഒമാൻ വഴങ്ങിയത്. എന്നാൽ, ഒമാൻ ഗോൾ കീപ്പർ ഇബ്രാഹിം അൽ മുഖനിയുടെ സേവുകൾ രക്ഷക്കെത്തി. ഒമ്പതാം മിനിറ്റിൽ ഒമാന്റെ ശക്തമായ മുന്നേറ്റം കണ്ടെങ്കിലും സാഹിർ അൽ അഗ്രബിയുടെ ക്രോസ് കണക്ട് ചെയ്യാൻ ആരുമില്ലായിരുന്നു. തൊട്ടടുത്ത നിമിഷം സാല അൽ യഹ്യയുടെ സുന്ദരമായ പാസിൽനിന്നുള്ള ഇസ്സാം അൽ സുബ്ഹിയുടെ ഷോട്ട് ബഹ്റൈൻ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും ബഹ്റൈൻ മുന്നേറ്റം കണ്ടെങ്കിലും ഒമാൻ പ്രതിരോധത്തെ മറികടക്കാനായില്ല.
പിന്നീട് പതുക്കെ കളിയിൽ ഒമാൻ ആധിപത്യം നേടി. എന്നാൽ, ഫിനിഷിങ്ങിലെ പാളിച്ചകാരണം ഗോൾമാത്രം പിറന്നില്ല. അതോടൊപ്പം മോശം റഫറിയിങ്ങും ഒമാന് തിരിച്ചടിയായി. 59, 63 മിനിറ്റുകളിൽ ബഹ്റൈൻ പ്രതിരോധം നടത്തിയ ഫൗളിന് ഒമാൻ പെനാൽറ്റിക്കുവേണ്ടി വാദിച്ചുവെങ്കിലും റഫറി നൽകിയില്ല. ഒടുവിൽ 83ാം മിനിറ്റിൽ സാല അൽ യഹ്യയുടെ അസിസ്റ്റിൽനിന്ന് ലഭിച്ച പന്ത് മുന്നേറ്റ താരം ജമീൽ അൽ യമാദി തകർപ്പൻ വലംകാൽ ഷോട്ടോടെ ബഹ്റൈൻ ഗോൾപോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ വീണ ഗോളിൽ ഞെട്ടിയ ബഹ്റൈൻ പിന്നീട് സർവശക്തിയും എടുത്ത് ആക്രമിച്ചു കളിക്കാൻ തുടങ്ങിയെങ്കിലും ഒമാൻ പ്രതിരോധത്തിലും ഗോളിയുടെ തകർപ്പൻ സേവുകളിലും തട്ടി തകർന്നു.
കോച്ചാണ് താരം...
ആത്യന്തികമായി ഒമാൻ നേടിയ വിജയത്തിന്റെ മുഴുവൻ നേട്ടവും കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിനാണ്. ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ ഒരു മടിയും കാണിക്കാത്ത കോച്ച് പുതിയ കളിക്കാരെ പരീക്ഷിക്കാനും ശ്രദ്ധിച്ചു. ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ഫയാസിനു പകരം രണ്ടാം നമ്പർ ഗോൾ കീപ്പറായ ഇബ്രാഹിം അൽ മുഖനിയാണ് കളത്തിലിറങ്ങിയത്. ഇന്നലത്തെ വിജയത്തിലും എടുത്തുപറയേണ്ട കാര്യം കളിക്കാരിലുള്ള പരീക്ഷണം തന്നെയായിരുന്നു.
കളി അവസാനിക്കാൻ ഏഴു മിനിറ്റുള്ളപ്പോഴാണ് ഒമാൻ ഗോൾ നേടിയത്. ഈ സമയത്ത് പ്രതിരോധം ശക്തമാക്കാനായി പ്രതിരോധ താരങ്ങളെത്തന്നെ ഇറക്കുകയും ചെയ്തു.
ഒമാൻ പ്രതിരോധത്തിന്റെ കുന്തമുനയെന്നു വിശേഷിപ്പിക്കാവുന്ന ജുമ അൽ ഹബ്സി രണ്ടു മഞ്ഞക്കാർഡ് കണ്ടതിനെ തുടർന്ന് ആ സ്ഥാനത്ത് ഉചിതമായ താരത്തെ കണ്ടെത്തി. കളിയിൽ ഏറക്കുറെ ആധിപത്യം പുലർത്തിയിട്ടും ബഹ്റൈന് ജയിക്കാൻ കഴിയാതിരുന്നത് ഒമാൻ കോച്ചിന്റെ തന്ത്രങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.