അറേബ്യൻ ഗൾഫ് കപ്പ്; പുതുരക്തവുമായി ഒമാൻ ഒരുങ്ങുന്നു
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാളിനായി ഒമാൻ ഒരുങ്ങുന്നു. ഡിസംബർ 21മുതൽ ജനുവരി മൂന്നുവരെ കുവൈത്തിലാണ് ടൂർണമെന്റിന്റെ 26ാം മത് പതിപ്പ് നടക്കുന്നത്. ടൂർണമെന്റിനുള്ള സ്ക്വാഡിനെ കഴിഞ്ഞ ദിവസം റഷീദ് ജാബിർ പ്രഖ്യാപിച്ചു. പുതുരക്തങ്ങൾക്ക് പ്രധാന്യം നൽകിയുള്ളതാണ് ടീം.
ഒമാന്റെ ഒളിമ്പിക്, അണ്ടർ 20 ടീമുകളിൽനിന്നുള്ള നിരവധി പുതുമുഖങ്ങൾ സ്ക്വാഡിൽ ഉൾപ്പെട്ടിടുണ്ട്. സമീപകാലങ്ങളിൽ താരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങൾക്ക് വഴി തുറന്നത്. അഞ്ച് ദിവസത്തെ പരിശീലന ക്യാമ്പിന് കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണറേറ്റിൽ തുടക്കമായി.
കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളർത്തുന്നതിലായിരിക്കും ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ക്യാമ്പിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗൾഫ് കപ്പിനുള്ള ടീമിൽ ഇടം നേടാം. കളിക്കാരുടെ കണ്ടീഷനിങും തന്ത്രപരമായ അവബോധവും മികച്ചതാക്കാൻ ക്യാമ്പിലൂടെ കോച്ചിങ് സ്റ്റാഫ് ലക്ഷ്യമിടുന്നത്. ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരുമാണുള്ളത്. ഡിസംബർ 21 ന് ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെതിരെ ഒമാന്റെ ആദ്യ മത്സരം. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരയെുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങൾ വരുന്നത്.
ജവാദ് അൽ അസി, അദ്നാൻ അൽ മുഷെഫ്രി, മൊതാസിം അൽ വഹൈബി (അൽ സീബ്), യൂസഫ് അൽ ഷബീബി, മാജിദ് അൽ ഫാർസി, ഗസ്സാൻ അൽ മസ്റൂരി, സഈദ് അൽ സലാമി (അൽ ഷബാബ്), യാസർ അൽ ബലൂഷി, ഫഹദ് അൽ മുഖൈനി (സൂർ), അബ്ദുൽഹാഫിദ് അൽ മുഖൈനി, മമൂൻ അൽ ഒറൈമി, സലിം അൽ ദാവൂദി, യൂസഫ് ഗിലാനി (സൂർ), ഓദി അൽ മൻവാരി, മുഹന്നദ് അൽ സാദി (അൽ സലാം),ഹുദൈഫ അൽ മമാരി (അൽ റുസ്താഖ്), അബ്ദു റഹ്മാൻ അൽ യാഖൂബി, മുതീ അൽ സാദി (ഇബ്രി), അബ്ദുല്ല അൽ മുഖൈനി (അൽ താലിയ), മുഹമ്മദ് മുസ്തഹീൽ (സലാല), മൈതാം അൽ അജ്മി (അൽ ഇത്തിഹാദ്), സലിം അൽ അബ്ദുൽ സലാം (സഹം), അബ്ദുല്ല അൽ മഅമ്സാരി (യു.എ.ഇ ഹത്ത എഫ്.സി), അൽ ഫറജ് അൽ കിയുമി (അൽ ഖാബൂറ), അഹദ് അൽ മഷേഖി (അൽ നഹ്ദ), നിബ്രാസ് അൽ മഷാരി (മസ്കത്ത്), അലി അൽ ബലൂഷി (ഒമാൻ ക്ലബ്) എന്നിവരാണ് 27 അംഗ ടീമിൽ ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.