അറേബ്യൻ ഗൾഫ് കപ്പ്: ആരാധകർക്ക് 100 സൗജന്യ എയർ ടിക്കറ്റുമായി ഒമാൻ എയർ
text_fieldsമസ്കത്ത്: കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ പങ്കെടുക്കാൻ ആരാധകർക്ക് 100 സൗജന്യ എയർ ടിക്കറ്റുമായി ഒമാൻ എയർ. താരങ്ങൾക്ക് ആവേശം പകരാൻ സ്റ്റേഡിയത്തിലേക്ക് കൂടുതൽ ഒമാനി ആരാധകരെ എത്തിക്കുകയാണ് ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ദിവസത്തെ താമസ പരിധിയിൽ ഇക്കണോമിക്ക് ക്ലാസ് ടിക്കറ്റുകളാണ് നൽകുക.
ജനുവരി രണ്ടുമുതൽ നാലുവരെ മത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക. വിമാനത്താവള നികുതികളും സർചാർജുകളും മറ്റ് ബാധകമായ ഫീസും ഈടാക്കും. ജനുവരി നാല്, അഞ്ച് ദിവസങ്ങളിൽ മാത്രമായിരിക്കും യാത്രാനുമതി. കുട്ടികൾക്കും ശിശുക്കൾക്കും ഇളവ് ലഭിക്കില്ല. ഏഴ് കിലോ ക്യാബിൻ ബാഗേജ് കൊണ്ടുപോകാം. ചെക്കിൻ ബാഗേജ് സൗകര്യം ഉണ്ടാവില്ല. കോഡ്ഷെയറും ഇന്റർലൈൻ പങ്കാളി ഫ്ലൈറ്റുകളിലും ഈ ഓഫർ ലഭ്യമായിരിക്കില്ല. ഒമാൻ എയർ വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി ഈ ഓഫർ പരിമിതപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ ഗൾഫ് കപ്പിന്റെ സെമിയിൽ ശക്തരായ സൗദിയെ 2-1ന് തകർത്താണ് ഒമാൻ ഫൈനലിൽ പ്രവശേിച്ചിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന കലാശക്കളിയിൽ ബഹ്റൈനാണ് എതിരാളികൾ. ഫൈനൽ കാണാനായി കൂടുതൽ ഒമാൻ ആരാധകർ കുവൈത്തിലേക്ക് ഒഴുകുമെന്നാണ് കാണുന്നത്. ഇത് റെഡ്വാരിയേഴ്സിന്റെ ആത്മ വിശ്വാസം വർധിപ്പിക്കും. സെമിഫൈനലിലേക്ക് പ്രത്യേക വിമാനങ്ങളിലായി നൂറുകണക്കിന് ആരാധകരെ ഒമാൻ ഫുട്ബാൾ അസോസിയേഷൻ കുവൈത്തിന്റെ മണ്ണിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.