അറേബ്യൻ ഗൾഫ് കപ്പ്: കിരീടംതേടി ഒമാൻ ഇന്ന് കളത്തിൽ
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന്റെ കനക കിരീടത്തിൽ മൂന്നാം മുത്തമിടുന്നതും സ്വപ്നം കണ്ട് ഒമാൻ ഇന്ന് ഇറങ്ങും. കുവൈത്തിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ബഹ്റൈനാണ് എതിരാളി. ഒമാൻ സമയം രാത്രി എട്ടിനാണ് മത്സരം. കഴിഞ്ഞ വർഷം ഇറാഖിലെ ബസ്റയിൽ നടന്ന കലാശക്കളിയിൽ അവസാന നിമിഷം കൈവിട്ട കിരീടം ഇത്തവണ സുൽത്താനേറ്റിന്റെ മണ്ണിലെത്തിക്കാനുള്ള പടപ്പുറപ്പാടുമായാണ് കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ അവസാന അങ്കത്തിനായി ഇറങ്ങുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഒമാന്റെ ആറാമത്തെ ഫൈനൽ പ്രവേശനമാണിത്. 2004, 2007, 2009, 2018, 2023 വർഷങ്ങളിലാണ് ഇതിനുമുമ്പ് ഫൈനലിലെത്തിയത്. ഇതിൽ 2009ലും 2017-2018 സീസണിലും ജേതാക്കളാവുകയും ചെയ്തു.
ഗ്രൂപ് ഘട്ടത്തിലെ മൂന്ന് കളികളിൽ രണ്ടു വിജയവും ഒരു സമനിലയും സെമി ഫൈനലിലെ മിന്നും ജയവുമടക്കം ഒരുതോൽവിയും അറിയാതെയാണ് ഒമാന്റെ ഫൈനൽ പ്രവേശനം. സെമിയിൽ ശക്തരായ സൗദിയെ 2-1നെ തകർക്കാൻ കഴിഞ്ഞതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പന്തടക്കത്തിലും കളിമികവിലും സൗദി ആധിപത്യം പുലർത്തിയെങ്കിലും അവസാന നിമിഷംവരെ ഉറച്ച മനസാന്നിധ്യത്തോടെയുള്ള പോരാട്ടമാണ് ഒമാനെ വിജയവഴിയിലെത്തിച്ചത്. ഗ്രൂപ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ടീമിന് തുണയായതും ഈ മനസ്സാന്നിധ്യമായിരുന്നു. ആദ്യം ഗോൾ വീണിട്ടും തിരിച്ചടിച്ച് മുന്നേറുന്ന ടീമിനെയായിരുന്നു കണ്ടിരുന്നത്. ഫൈനലിലും ഈ മനസ്സാന്നിധ്യം നിലനിർത്താൻ സാധിച്ചാൽ കപ്പ് സുൽത്താനേറ്റിന്റെ മണ്ണിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. താരങ്ങൾക്ക് ആർക്കും പരിക്കില എന്നതും അനുകൂലമായ ഘടകമാണ്. തകർപ്പൻ ഫോമിൽ കളിക്കുന്ന പ്രതിരോധ നിരയുടെ മതിലുകൾ ഭേദിച്ച് മുന്നേറാൻ ബഹ്ഹൈൻ ഇന്ന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും. അതേസമയം, ഗ്രൂപ് ഘട്ടത്തിൽ രണ്ട് ജയവും ഒരുതോൽവിയും, സെമിയിൽ ആതിഥേയരായ കുവൈത്തിനെ വീഴ്ത്തിയുമാണ് ബഹ്റൈന്റെ വരവ്. ഫിനിഷിങ്ങിലെ പാളിച്ചയാണ് ഒമാന്റെ തലവേദന. എന്നാൽ, ഇത് പരിഹരിച്ചാകും ഒമാൻ ഇന്ന് കളത്തിലിറങ്ങുക.
ആദ്യം ഗോൾ സ്കോർ ചെയ്ത് ബഹ്റൈനെ സമ്മർദത്തിലാക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. ടീമിന്റെ മുൻനിരയും പ്രരിരോധ നിരയും മികച്ച രീതിയിൽ പന്ത് തട്ടുന്നുവെന്നുള്ളത് ഒമാന്‍ ഗുണം നൽകുന്ന കാര്യമാണ്. ടൂർണമെന്റലുടംനീളം മികച്ച ഫോമിലാണ് ഗോൾ കീപ്പര്‍ ഇബ്റാഹിം അല്‍ മുഖൈനി. സെമിയിൽ കളിച്ച ടീമിൽ കൂടുതൽ മാറ്റങ്ങളൊന്നും വരുത്താൻ റഷീദ് ജാബിർ തയാറാകാൻ സാധ്യതയില്ല.
മറുഭാഗത്ത് ബഹ്റൈനും പ്രതീക്ഷയിലാണ്. 10പേരുമായി കളിച്ച് സെമി ഫൈനലിൽ കുവൈത്തിനെ തറപ്പറ്റിക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം ബഹ്റൈനുണ്ട്. ഫൈനലിൽ മികച്ച വിജയത്തോടെ രണ്ടാം ഗൾഫ് കപ്പ് കിരീടം ബഹ്റൈൻ സ്വപ്നം കാണുന്നു. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിറയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും മികച്ച ടീമായാണ് ബഹ്റൈൻ ഫൈനലിനിറങ്ങുന്നത്.
ഫൈനൽ മത്സര സമാപന ചടങ്ങിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ പങ്കെടുക്കും.
റോഡ് ടു ഫൈനൽ
ഗ്രൂപ് ഘട്ട മത്സരങ്ങൾ
ഒമാൻ 1 - കുവൈത്ത് 1
ഒമാൻ 2 - ഖത്തർ 1
ഒമാൻ 1 - യു.എ.ഇ 1
സെമി ഫൈനൽ
ഒമാൻ 2 - സൗദി 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.