അറേബ്യൻ ഗൾഫ് കപ്പ്: കലാശക്കളിയിലേക്ക് കണ്ണുംനട്ട് ഒമാൻ
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. കുവൈത്തിലെ ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ശക്തരായ സൗദി അറേബ്യയാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 6.30നാണ് കളി. രാത്രി 9.45ന് നടക്കുന്ന രണ്ടാം സെമിയിൽ കുവൈത്ത് ബഹ്റൈനുമായും ഏറ്റുമുട്ടും.
തിളക്കമാർന്ന പ്രകടനത്തോടെ സെമിയിൽ കടക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായിട്ടാണ് കോച്ച് ജബിർ അഹമ്മദിന്റെ കുട്ടികൾ ഇന്ന് പന്ത് തട്ടാനിറങ്ങുന്നത്. ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങളിൽ ആദ്യം ഗോൾ വഴങ്ങിയിട്ടും പതറാതെ തിരിച്ചടിക്കാൻ കഴിഞ്ഞത് ടീമിന് പ്രതീക്ഷയേകുന്ന കാര്യമാണ്.
കഴിഞ്ഞ കളികളെ പോലെ മുന്നേറ്റവും പ്രതിരോധവും കരുത്ത് കാണിക്കുകയാണെങ്കിൽ ഒമാനെ വലകുലുക്കാൻ ഇന്ന് സൗദി പാടുപെടേണ്ടി വരും. ഗോൾ പോസ്റ്റിന് കീഴിൽ ഇബ്രാഹീം അൽ മുമൈനിയും തകർപ്പൻഫോമിലാണ്. യു.എ.ഇക്കെതിരെയുള്ള മത്സരത്തിലുടനീളം മിന്നും പ്രകടനം പുറത്തെടുത്ത താരം അവസാന മിനിറ്റിലെ പെനാൽറ്റി തടഞ്ഞിട്ട് ടീമിനെ സെമിയിലെത്തിക്കുകയും ചെയ്തു. അതേസമയം, ഗ്രൂപ് ബിയിൽനിന്ന് രണ്ട് വിജയവുമായിട്ടാണ് സൗദിയുടെ വരവ്.
മൂന്ന് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളാണ് സൗദി നേടിയത്. ഇത് ഒമാന്റെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. ഗ്രൂപ്പ്ഘട്ട മത്സരങ്ങളിൽ ഒമാൻ വെറും നാല് ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ഫിനീഷിങ്ങിലെ പാളിച്ചയാണ് ഒമാന്‍ തിരിച്ചടിയായത്. കഴിഞ്ഞ മത്സരങ്ങളെ പോലെ സൗദിയുടെ മുന്നേറ്റനിര ഇരമ്പിയെത്തുകയാണെങ്കിൽ ഒമാന്റെ പ്രതിരോധ നിരക്ക് പിടിപ്പത് പണിയായിരിക്കും. ഫിനീഷിങ്ങിലെ പാളിച്ചയടക്കം പരിഹരിച്ചാകും ഒമാൻ ഇന്ന് കളത്തിലിറങ്ങുക.
എതിരാളികൾ ശക്തരാണെങ്കിലും കളിക്കളത്തിലെ പിഴവുകൾ മുതലെടുത്ത് പുതിയ തന്ത്രങ്ങൾ മെനയണമെന്നാണ് റഷീദ് ജാബിർ താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. തങ്ങളുടെതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപുള്ളവരാണ് ഒമാൻ ടീം. ഇന്ന് മികച്ച കളി പുറത്തെടുത്ത് കലാശക്കളിയിലേക്ക് ഒമാന്‍ പന്ത് തട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കളിക്കാരുടെ കഴിവിൽ വിശ്വാമുണ്ടെന്നും മികച്ച താരങ്ങളുള്ള സൗദിക്കെതിരെയുള്ള മത്സരം വളരെ പ്രാധാന്യമുണ്ടെന്നും ഒമാൻ കോച്ച് റഷീദ് ജാബിർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫൈനലിലേക്ക് എത്താനുള്ള ശ്രദ്ധയിലാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിന് പൂർണ സജ്ജമാണെന്ന് ഒമാന്‍ ഗോള്‍ കീപ്പര്‍ ഫായിസ് അല്‍ റശീദി പറഞ്ഞു.
ചെഞ്ചായമണിയിക്കാൻ വിമാനത്തിലേറി ആരാധകർ
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ സെമിഫൈനൽ കളിക്കുന്ന ഒമാന്‍ ആവേശം പകരാൻ ആരാധകർ കവൈത്തിലേക്ക് ഒഴുകും. നൂറുകണക്കിന് ആരാധകരെ രണ്ട് പ്രത്യേക വിമാനങ്ങളിൽ കുവൈത്തിലേക്ക് കൊണ്ടുപോകുമെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) വൈസ് ചെയർമാൻ മൊഹ്സിൻ അൽ മസ്റൂരി അറിയിച്ചു.
ആരാധകരുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. 2009ലും 2017ലും ഒമാൻ കപ്പ് നേടിയപ്പോൾ ആരാധകരുടെ സാന്നിധ്യം ടീമിന് വലിയ പ്രചോദനമേകിയിരുന്നു. ഗ്രൂപ് എയിൽനിന്ന് ഒരു തോൽവിയും ഏറ്റുവാങ്ങാതെയാണ് റഷീദ് ജാബിറിന്റെ കുട്ടികൾ സെമിയിൽ എത്തിയിരിക്കുന്നത്. ഒമാനി ആരാധകര്‍ക്കായി അനുവദിച്ച 5,600 ടിക്കറ്റുകളും ഒമാനി ഫുട്ബാള്‍ അസോസിയേഷന് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
ഒമാനി കാണികള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലായിരുന്നു ഇത്. എന്നാല്‍, ഈ ടിക്കറ്റുകളും മണിക്കൂറുകള്‍ക്കകമാണ് വിറ്റഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.