അറേബ്യൻ ട്രാവൽ മാർക്കറ്റ്; രാജ്യത്തെ ടൂറിസം കാഴ്ചകളുമായി ഒമാൻ പവിലിയൻ
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഒമാനും. പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഒമാനിൽനിന്നുള്ള ഇരുപതോളം സ്ഥാപനങ്ങളാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. സുൽത്താനേറ്റിന്റെ ടൂറിസം സൗകര്യങ്ങൾ പ്രദർശിപ്പിക്കുകയും ആകർഷണങ്ങൾ പരിചയപ്പെടുത്തുകയുമാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ടൂറിസം ഇൻഫർമേഷൻ സെന്റർ, ഹോസ്പിറ്റാലിറ്റി ടെന്റ്, പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയുൾപ്പെടെ ഒമാനിന് 250 ചതുരശ്ര മീറ്റർ വിസ്തീർണമാണ് പവിലിയനുള്ളത്. മേളയിലെ 20 ഒമാനി ടൂറിസം സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രദർശന ബൂത്തുകളുമുണ്ട്.മേയ് നാല് വരെ നീണ്ടുനിൽക്കുന്ന മേളയിൽ 100 രാജ്യങ്ങളിലെ 2000ത്തോളം പ്രദർശകർ അണിനിരക്കുന്നത്.
ഇതിൽ 100ഓളം പുതിയ പ്രദർശകരുമുണ്ടാകും. സാങ്കേതികവിദ്യക്ക് ഊന്നൽ നൽകിയായിരിക്കും 30ാം എഡിഷൻ അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 80ലധികം ട്രാവൽ ടെക്നോളജി കമ്പനികളെ ഇക്കുറി അവതരിപ്പിക്കും. സാങ്കേതിക മേഖലക്കായി മാത്രം 2000 ചതുരശ്ര മീറ്ററിലധികം പ്രദർശനസ്ഥലം മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54.7 ശതമാനം വർധനയാണ് ഈ മേഖലക്ക് ഇക്കുറി നൽകിയിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തി ഇവിടെയെത്തും. ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികൾ എന്നിവരെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.