പുരാതന ശിലകളുടെ നിഗൂഢത തേടി ഗവേഷകർ ഇരുമ്പ് യുഗത്തിലേതെന്ന് കരുതുന്ന ശിലകളാണ് പഠിക്കുന്നത്
text_fieldsമസ്കത്ത്: ഒമാെൻറ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്ന രണ്ടായിരം വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ശിലകളുടെ നിഗൂഢത കണ്ടെത്താൻ ഒരുകൂട്ടം ചരിത്ര ഗവേഷകർ നടത്തുന്ന പഠനങ്ങൾ പുരോഗമിക്കുന്നു. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയവും ചെക്, ഇറ്റലി, ഒാസ്ട്രിയ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരടങ്ങിയ സംഘവുമാണ് ഇരുമ്പ് യുഗത്തിലേതെന്ന് കരുതുന്ന ട്രിലിറ്റ് ശിലാസ്മാരകങ്ങൾ പഠനവിഷയമാക്കുന്നത്. യമനിലെ ഹദർമൗത്ത് മുതൽ റാസൽ ഹദ്ദ് വരെയുള്ള ഭൂമേഖലകളിലാണ് ട്രിലിറ്റ് ശിലകൾ കണ്ടുവരുന്നത്. പിരമിഡ് രൂപത്തിൽ മൂന്ന് കല്ലുകൾ ചേർന്നതാണ് ഇവ. ചിലയിടങ്ങളിൽ നിരയായും ശിലകൾ നാട്ടിയിട്ടുണ്ടാവും.
2018ൽ ആരംഭിച്ച ഗവേഷണം കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം ഗവേഷണം നീളുകയായിരുന്നു. ഇത്തരം ശിലകൾ എന്താണെന്ന് ചരിത്രകാരന്മാർക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല. പുരാതനകാലത്തെ നാടോടികളുടെ ചരിത്ര അവശിഷ്ടമായാണ് ട്രിലിറ്റുകളെ കണക്കാക്കുന്നത്. വലിയ വിസ്തൃതിയിൽ തീ കത്തിച്ചിരുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ടാണ് ട്രിലിറ്റുകൾ കണ്ടുവരുന്നത്. ഒമാനിൽ 441 സ്ഥലങ്ങളിലാണ് ട്രിലിറ്റുകൾ കണ്ടെത്തിയത്. 2400 വർഷം മുതൽ 1800 വർഷം മുമ്പുവരെ ഉപയോഗിച്ച ട്രിലിറ്റുകളാണ് ആദ്യ ഗവേഷണങ്ങളിൽ കണ്ടെത്തിയത്.
രണ്ട് തലമുറകളുടെ കാലത്ത് നിർമിക്കപ്പെട്ട ട്രിലിറ്റുകളും കണ്ടെത്തുകയുണ്ടായി. ഇവ തമ്മിൽ 400 വർഷക്കാലത്തെ അന്തരമാണുള്ളത്. ട്രിലിറ്റുകൾ കൂടുതൽ കണ്ടെത്തിയത് ദുകമിലാണ്. പുരാതന സംസ്കാരത്തിെൻറ നിരവധി അവശിഷ്ടങ്ങളാണ് ദുകമിലുള്ളത്. പുരാതന ശിലായുഗം മുതൽ നവീന ഇരുമ്പ് യുഗം വരെയുള്ള കാലഘട്ടങ്ങളിൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കുന്നു. അതിനാൽ, ഇവിടെയാണ് ഏറ്റവും കൂടുതൽ സ്മാരകങ്ങൾ കണ്ടെത്തിയത്. ഇൗ മേഖലയിൽ നിന്ന് ലഭിച്ച വെങ്കല യുഗത്തിലെ അവിശിഷ്ടങ്ങൾ 2800 മുതൽ 2300 കാലഘട്ടത്തിൽ ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നതിെൻറ ശക്തമായ തെളിവാണ്.
70,000 മുതൽ 100000 വർഷം പഴക്കമുള്ള പുരാതന ശിലായുഗത്തിെൻറ അവശിഷ്ടങ്ങൾ ലഭിച്ചത് ശിലായുഗത്തിൽ ആഫ്രിക്കക്ക് പുറത്തും ജനവാസമുള്ളതിന് തെളിവാണ്. ഇവിടെ നിന്ന് ലഭിച്ച പുരാതന കാലത്തെ ശില മസ്കത്തിലെ ഒമാൻ നാഷനൽ മ്യൂസിയത്തിലെത്തിക്കുന്നുണ്ട്. 900 കിലോഗ്രാമോളം ഭാരം വരുന്ന പുരാതനശില ഏറെ ശ്രദ്ധയോടെയാണ് മസ്കത്തിലെത്തിച്ചത്. േകാവിഡ് പ്രതിസന്ധി തീർന്നയുടൻ ട്രിലിറ്റുകളുടെ നിഗൂഢത കണ്ടെത്താനുള്ള ഗവേഷണങ്ങൾ പുനരാരംഭിക്കാനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.